
അഗാധമായ ഉൾക്കാഴ്ച, ദാർശനികമായ ഭാവദീപ്തി, ഇതിഹാസമാനങ്ങൾ എന്നിവയാണ് മഹാകവി അക്കിത്തത്തിന്റെ കാവ്യലോകത്തെ അടയാളപ്പെടുത്തിയത്. പാരമ്പര്യത്തെ സമ്പൂർണ്ണമായി വിഛേദിക്കാത്ത ഒരു ആധുനികതയുടെ പ്രോൽഘാടകനായി അക്കിത്തം.
മലയാളകവിതയെ ജീവിതത്തിന്റെ പൊള്ളിക്കുന്ന കനൽക്കാഴ്ചകളിലേക്കാനയിച്ചു ഈ കവി. ഉപാധികളില്ലാത്ത സ്‌നേഹം ബലമായി വരുമെന്നു മലയാളത്തിന്റെ മനസ്സിനെ പഠിപ്പിച്ചു.
പ്രതിസന്ധിഘട്ടങ്ങളെ നേരിടേണ്ടിവരുമ്പോൾ ദുർബലമാവുന്ന നമ്മുടെ മനസ്സിന്റെ കൈപിടിക്കുന്ന ഒരുപാടു വരികൾ അക്കിത്തം കുറിച്ചുവച്ചു. അതാണ് അക്കിത്തത്തെ നമുക്കു പ്രിയങ്കരനാക്കുന്നത്.
മറ്റുള്ളവർക്കായി ഒരു പുഞ്ചിരി ചെലവാക്കുമ്പോൾ തന്റെ ഹൃദയത്തിൽ നിത്യനിർമ്മലമായ ഒരു
പൗർണ്ണമി പൂത്തുലയുന്നുവെന്നു കണ്ടെത്തിയ കവിയാണദ്ദേഹം.
മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കുമ്പോൾ സ്വന്തം ആത്മാവിൽ ആയിരം സൗരമണ്ഡലം ഉദിച്ചുയരുന്നതായും അദ്ദേഹം കണ്ടെത്തി. കണ്ടെത്തലുകളാണ് മൗലികമായ ദർശനങ്ങൾ.
യൂസഫ് അടക്കമുള്ള നിരവധി കമ്യൂണിസ്റ്റു നേതാക്കൾക്ക് സ്വന്തം ഇല്ലത്ത് ഒളിത്താവളം ഒരുക്കിയതും ഇല്ലത്ത് കമ്യൂണിസ്റ്റു വേട്ടയുടെ ഭാഗമായി നടന്ന റെയ്ഡുകളും അർദ്ധരാത്രിവരെ ലോക്കപ്പിലടയ്ക്കപ്പെട്ടതും പാലിയം സത്യഗ്രഹത്തിൽ പങ്കെടുത്തതും നമ്പൂതിരിയെ മനുഷ്യനാക്കാൻ ഇ.എം.എസിനും വി.ടിക്കും ഒപ്പം യോഗക്ഷേമ സഭയിൽ പ്രവർത്തിച്ചതും വിധവാ വിവാഹത്തിൽ പങ്കെടുത്ത് സമുദായഭ്രഷ്ടു നേരിട്ടതും അയിത്തത്തിനെതിരായ വികാരം 'തമ്പുരാൻ കുട്ടി' എന്ന ആദ്യകാല കവിതയിൽ തന്നെ പങ്കിട്ടതും ഒന്നും മറക്കാവുന്നതല്ല.