dd

തിരുവനന്തപുരം: വളരുന്ന നഗരത്തിനായി ദീർഘവീക്ഷണത്തോടെ മാസ്റ്റർപ്ലാൻ തയ്യാറാക്കണമെന്ന കാര്യം ഇപ്പോഴും എങ്ങുമെത്തിയില്ല. 50ന് മുമ്പുള്ള മാസ്റ്റർ പ്ലാനുമായി മുന്നോട്ടുപോകുമ്പോഴും പുതിയ പ്ലാൻ പണിപ്പുരയിലായിട്ട് കുറേ നാളുകളായി. കോർപറേഷനിൽ കൂട്ടിച്ചേർത്ത പ‌ഞ്ചായത്തുകളിലെല്ലാം നിർമ്മാണ പ്രവർത്തനങ്ങൾക്കും ഭൂവിനിയോഗ സമീപനത്തിനും അടിസ്ഥാനമാക്കുന്നത് 2017ൽ നഗരസഭ അംഗീകരിച്ച ഇടക്കാല വികസന ഉത്തരവിനെയാണ് (ഐ.ഡി.ഒ). 1971ലെ മാസ്റ്റർ പ്ലാനിലാകട്ടെ ഇടയ്ക്ക് ചില ഭേദഗതികൾ ഉണ്ടായെന്ന് മാത്രം. 2013ൽ നഗരസഭയ്ക്ക് വേണ്ടി നഗര ഗ്രാമാസൂത്രണ വകുപ്പ് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. വ്യാപകമായ എതിർപ്പിനെ തുടർന്ന് ഇത് മരവിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഇടക്കാല വികസന ഉത്തരവിറക്കുകയും നിലവിലുള്ള സ്ഥലങ്ങളിൽ 71ലെ മാസ്റ്റർപ്ലാൻ പ്രാബല്യത്തിൽ നിലനിറുത്തുകയും ചെയ്‌തത്. പുതിയ മാസ്റ്റർ പ്ലാനിന്റെ കരട് 90 ശതമാനവും പൂർത്തിയായെന്നാണ് നഗര - ഗ്രാമാസൂത്രണ വകുപ്പ് അധികൃതർ പറയുന്നത്. ഇനി കരട് ഇറക്കിയാലും വാർഡ് സഭകളിൽ ചർച്ച ചെയ്യാൻ പറ്റിയ അന്തരീക്ഷമല്ല. നിലവിലുള്ള നഗരസഭയുടെ കാലാവധിയും കഴിയുകയാണ്. ഐ.ഡി.ഒ പരിധിയിലുള്ള പ്രദേശങ്ങളിൽ കോർപറേഷൻ ആവശ്യപ്പെട്ടാൽ ഭൂവിനിയോഗത്തിൽ വേണ്ട മാറ്റം വരുത്താൻ ടൗൺ പ്ലാനിംഗ് വകുപ്പ് അനുവദിക്കുന്നുണ്ട്.

ഭൂവിനിയോഗം അമൃത് മാർഗ

നിർദ്ദേശങ്ങൾക്കനുസരിച്ച്

കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഭൂവിനിയോഗ നി‌ർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്ന് ടൗൺ പ്ലാനിംഗ് അധികൃതർ പറയുന്നു. പഴയതിൽ നിന്നും തികച്ചു വ്യത്യസ്‌തമായാണ് പുതിയ കരട് തയ്യാറാക്കുന്നത്. പദ്ധതിയിൽ കൂടുതൽ ജനപങ്കാളിത്തം ഉണ്ടാവും. കരടിന്റെ മുകളിൽ വാർഡ് സഭകളിൽ ചർച്ച ചെയ്യും. കോർപറേഷൻ പരിധിയിലുള്ള സ്ഥലങ്ങൾ മാത്രമാണ് പ്ലാനിൽ വരിക. നാഷണൻ റിമോട്ട് സെൻസ് മാപ്പ് അനുസരിച്ച് ഗ്രൗണ്ടിൽ പോയി ഡാറ്റ ശേഖരിച്ചു. ടൗൺ പ്ലാനിംഗ് ആക്ട് പ്രകാരം ആവശ്യമാണെങ്കിൽ വീണ്ടും മാറ്റം വരുത്താം. പഴയ മാസ്റ്റർ പ്ലാനിലെ നല്ല അംശങ്ങൾ ഉൾക്കൊണ്ടിട്ടാണ് പുതിയ വികസന പദ്ധതികളെ പരിഗണിക്കുന്നുണ്ട്. 20 വർഷത്തേക്കുള്ള വികസന കാഴ്ചപ്പാടാണ് മാസ്റ്റർ പ്ലാനിലുണ്ടാകുകയെന്നും ടൗൺ പ്ലാനിംഗ് അധികൃതർ പറയുന്നു.

പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ

തുടങ്ങിയത് - 2017/ 2018


'' കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്‌തമായി പ്രാദേശികതല ചർച്ചയും നേരിട്ട് സ്ഥലത്തുപോയി വിലയിരുത്തലും നടത്തിയിട്ടാണ് ഇത്തവണ നടപടി സ്വീകരിച്ചത്. 18 വർക്കിംഗ് ഗ്രൂപ്പുകളുണ്ടാക്കി പലതവണ യോഗം ചേർന്നു. നിലവിലുള്ള ഭൂവിനിയോഗത്തിന്റെ അടിസ്ഥാനത്തിൽ മാപ്പ് തയ്യാറാക്കി നൂറ് കൗൺസിലർമാർക്കും കൊടുത്തു. അവരുടെ നിർദ്ദേശങ്ങളും പരാതികളും ബോധിപ്പിച്ച ശേഷമേ പ്ലാൻ അന്തിമമാകൂ. ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ ചർച്ച നടത്താത്തത്.

പാളയം രാജൻ, ചെയർമാൻ

ആസൂത്രണ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി