
നിയമസഭാ, ലോക്‌സഭാംഗത്വവും രാജി വയ്ക്കണം
തിരുവനന്തപുരം: ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശന തീരുമാനം രാഷ്ട്രീയവഞ്ചനയും ജനാധിപത്യമര്യാദയ്ക്കും രാഷ്ട്രീയ സദാചാരത്തിനും എതിരായതുമാണെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി.
ജോസ് കെ.മാണി പോയത് കൊണ്ട് യു.ഡി.എഫിന് ഒരു കോട്ടവും സംഭവിക്കില്ല. രാഷ്ട്രീയ ധാർമ്മികതയുടെ പേരിലാണ് രാജ്യസഭാംഗത്വം രാജി വച്ചതെങ്കിൽ, അദ്ദേഹത്തിനൊപ്പം യു.ഡി.എഫ് സീറ്റുകളിൽ വിജയിച്ച രണ്ട് എം.എൽ.എമാരും ഒരു ലോക്സഭാംഗവും രാജി വയ്ക്കണം. കെ.എം. മാണിയെ യു.ഡി.എഫിലേക്ക് തിരികെയെത്തിക്കുന്നതിനാണ്, ഏറെ വിമർശനങ്ങളുണ്ടായിട്ടും ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതെന്ന് മുന്നണി കൺവീനർ എം.എം. ഹസ്സൻ വാർത്താലേഖകരോട് പറഞ്ഞു.
യു.ഡി.എഫുമായി ലയിച്ചു ചേർന്ന മാണിയുടെ ആത്മാവിനോട് സ്വന്തം പുത്രൻ അനീതി കാട്ടി. ജോസ് കെ.മാണിയെ സ്വീകരിക്കുന്നതോടെ, ഇടതുമുന്നണിയിൽ ഇനിയെന്തൊക്കെ പ്രശ്നങ്ങളുണ്ടാകുമെന്ന് കണ്ടറിയണം. തദ്ദേശ തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുന്ന ജില്ലാ നേതൃയോഗങ്ങൾ നവംബർ നാല് മുതൽ പത്ത് വരെയും, യു.ഡി.എഫ് ജില്ലാകമ്മിറ്റി യോഗങ്ങൾ 20 മുതൽ 25വരെയും ചേരും. തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി 23ന് എറണാകുളത്ത് യു.ഡി.എഫ് നേതാക്കളുടെ അടിയന്തര യോഗവും ചേരും.
യു.ഡി.എഫിന് തിരിച്ചടി
നേരിടാതെ നോക്കണം
ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം യു.ഡി.എഫിന് ദോഷമാകാതെ നോക്കാൻ കോൺഗ്രസ് മുൻകൈയെടുക്കണമെന്ന ആവശ്യം മുന്നണി യോഗത്തിലുയർന്നു. കോട്ടയം, ഇടുക്കി ജില്ലകളാണ് പ്രധാനമായും നിർണായകമാവുക. അവിടെ തിരിച്ചടിയുണ്ടാകാതെ നോക്കാനുള്ള ഇടപെടൽ കോൺഗ്രസ് നടത്തണം. വേണ്ട മുൻകരുതൽ സ്വീകരിക്കാൻ പി.ജെ. ജോസഫിനോടും നിർദ്ദേശിച്ചു.
ജോസ് പോയതിന്റെ പേരിൽ മദ്ധ്യതിരുവിതാംകൂറിൽ പ്രശ്നമുണ്ടാവില്ലെന്നാണ് ജോസഫ് വിശദീകരിച്ചത്. ജോസ് പക്ഷത്തെ പ്രവർത്തകരും നേതാക്കളുമെല്ലാം. ജോസ് നൽകിയ വലിയ വാഗ്ദാനങ്ങൾ പോലും തള്ളിക്കളഞ്ഞ് വിട്ടുവരുന്നുണ്ട്. അങ്ങനെ വരുന്നവർക്കും അതിന്റേതായ പരിഗണന കിട്ടണം. സ്റ്റാറ്റസ്കോ പറഞ്ഞ് അവരെ അവഗണിക്കരുതെന്നും ജോസഫ് പറഞ്ഞു.