
തിരുവനന്തപുരം: യു.ഡി.എഫ് ബന്ധം വേർപെടുത്തി ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറായ ജോസ് കെ.മാണി വിഭാഗത്തെ ഇനി എതിർക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
അവർ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക്, ഇടതുമുന്നണി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കും. നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ചർച്ചയൊന്നും ആരംഭിച്ചിട്ടില്ല. ഏപ്രിലിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ഇപ്പോൾ എന്തിന് ചർച്ച നടത്തണം. രാജ്യസഭാ സീറ്റിൽ ജോസ് കെ.മാണി അവകാശവാദമുന്നയിച്ചതിൽ തെറ്റില്ല. കൃഷിക്കും കർഷകർക്കും അനുകൂലമായി സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ അംഗീകരിച്ചാണ് ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചത്. അതിനെ എതിർക്കേണ്ട കാര്യമില്ല. യു.ഡി.എഫിനെ തള്ളിപ്പറയുന്നതിനെയും എതിർക്കേണ്ടതില്ല. 21ന് ചേരുന്ന സി.പി.ഐ എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
പാലാ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ രണ്ട് കക്ഷികൾ തമ്മിലുള്ളതാണ്.എൻ.സി.പിയുമായി ബന്ധപ്പെട്ട കാര്യം അവർ തീരുമാനിക്കും. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്ത് കേരള കോൺഗ്രസിന് എന്ത് നിലപാടായിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലല്ല അവരെ വിലയിരുത്തേണ്ടത്. യു.ഡി.എഫിലായിരുന്നപ്പോൾ യു.ഡി.എഫിന്റെ നിലപാടായിരുന്നു . അതിനെ തങ്ങളെതിർത്തിട്ടുണ്ട്. മുന്നണിയിൽ കക്ഷികൾ വരുന്നതും പോകുന്നതുമായി ബന്ധപ്പെട്ട പല അനുഭവങ്ങളുമുണ്ട്. ചിലർ വന്നിട്ട് ഒരു വർഷത്തിനുള്ളിൽ പോയിട്ടുണ്ട്.
കെ.എം.മാണിയെക്കുറിച്ച് മുമ്പ് പറഞ്ഞ കാര്യങ്ങൾ ജനങ്ങളോട് വിശദീകരിച്ചു കൊള്ളാം. അഴിമതിയുടെ കാര്യത്തിൽ ഇടതുമുന്നണിയുടെ നിലപാടിൽ മാറ്റമൊന്നുമില്ല. ബാർ കോഴ വിഷയം ഇപ്പോൾ അവലോകനം ചെയ്യുന്നില്ല. മുമ്പ് നടത്തിയ സമരങ്ങളുടെ ശരി തെറ്റുകൾ ഇപ്പോൾ പരിശോധിക്കേണ്ട. മരിച്ചു പോയ ആളെക്കുറിച്ചും ചർച്ച ചെയ്യേണ്ട.ഒരു മുന്നണിയിൽ നിന്നുകൊണ്ട് വില പേശാൻ അവസരം നൽകരുതെന്നായിരുന്നു തങ്ങളുടെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് മണ്ഡലത്തിലും നിറുത്താൻ കഴിയുന്ന സ്ഥാനാർത്ഥികൾ സി.പി.ഐക്കുണ്ടെന്നും കാനം പറഞ്ഞു.