stet

തിരുവനന്തപുരം : ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ അനിശ്ചിതകാല സമരം തുടങ്ങി. ചികിത്സേതര അധിക ജോലികൾ ബഹിഷ്‌കരിച്ചാണ് സൂചനാസമരം.

പരിശീലന പരിപാടികളും യോഗങ്ങളുമാണ് ബഹിഷ്കരിക്കുന്നത്. സർക്കാർ നടത്തുന്ന കൊവിഡേതര പരിശീലനങ്ങളും വെബിനാറുകളും അനുബന്ധ പ്രവർത്തനങ്ങളും ഡ്യൂട്ടി സമയത്തിനു ശേഷമുള്ള വീഡിയോ കോൺഫറൻസുകളും ഇന്നലെ ഡോക്ടർമാർ ബഹിഷ്‌കരിച്ചതായി ജനറൽ സെക്രട്ടറി ‌ഡോ.വിജയകൃഷ്ണൻ അറിയിച്ചു. സംസ്ഥാന-ജില്ലാ തലങ്ങളിൽ എല്ലാ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നും അംഗങ്ങൾ ഒഴിവായി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങും.

അധികജോലി ഭാരം പരിഹരിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കുക, തുടർച്ചയായ 10 ദിവസത്തെ ഡ്യൂട്ടിക്കു ശേഷം നൽകിയിരുന്ന പ്രത്യേക അവധി പുനഃസ്ഥാപിക്കുക, സാലറിചലഞ്ചിന്റെ പേരിൽ മാറ്റിവച്ച ശമ്പളം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് ഡോക്ടർമാരുടെ പ്രതിഷേധം.