
കണ്ണൂർ : ആദിവാസി മേഖലകളിലെ റേഷൻ കടകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വൻ വെട്ടിപ്പ് പിടികൂടി. ഒരു റേഷൻ കടയിൽ നിന്നു മാത്രം അനധികൃതമായി സൂക്ഷിച്ച അഞ്ച് ക്വിന്റൽ അരിയാണ് പിടിച്ചെടുത്തത്. കോളയാട്,ചാവശേരി മേഖലകളിലെ മൂന്ന് റേഷൻ കടകളിലാണ് ഇന്നലെ പരിശോധന നടത്തിയത്.
റേഷൻ കാർഡുടമകൾക്കുള്ള അർഹമായ വിഹിതം നൽകുന്നതിനു പകരം പൂഴ്ത്തിവച്ച് മറച്ചു വിൽക്കുകയാണെന്ന് സ്റ്റോക്ക് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
ആദിവാസി വിഭാഗങ്ങൾക്കുള്ള അന്ത്യോദയ റേഷൻ കാർഡുകളിലാണ് വൻ തോതിൽ കൃത്രിമം നടന്നത്. റേഷൻ വാങ്ങാനെത്തുന്ന ആദിവാസി വിഭാഗത്തിന് ആഴ്ചയിൽ 50 കിലോ മുതൽ 75 കിലോ വരെ അരി നൽകേണ്ടതുണ്ട്. എന്നാൽ ഇവർക്ക് നാമമാത്ര തുക നൽകി അരി റേഷൻ കടയുടമകൾ തട്ടിയെടുത്തുവെന്നാണ് വിജിലൻസ് സംഘം കണ്ടെത്തിയത്.റേഷൻ കടകളിലെ ഇ പോസ് മെഷീനും സ്റ്റോക്ക് രജിസ്റ്ററും സംഘം പരിശോധിച്ചു.
പലയിടത്തും സൗജന്യ അരിയും ഗോതമ്പും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ആദിവാസി മേഖലയിലെ റേഷൻ കടകളിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ടെന്ന ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഡിവൈ.എസ്.പിക്കു പുറമെ ഇൻസ്പെക്ടർമാരായ ടി.പി. സുമേഷ്, എ.വി.ദിനേശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തലശേരി റേഷനിംഗ് ഇൻസ്പെക്ടർ പി.വി. കനകന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയത്.