
തിരുവനന്തപുരം: പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് എഴുന്നള്ളിച്ച നവരാത്രി വിഗ്രഹങ്ങൾ ഇന്ന് വൈകിട്ട് തലസ്ഥാനത്തെത്തും. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ശനിയാഴ്ച രാവിലെ നവരാത്രി പൂജ ആരംഭിക്കും.
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കിപ്പൂജ നടത്തിയ വിഗ്രഹങ്ങളെ ഇന്ന് പുലർച്ചെ കരമന ആവടിയമ്മൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. വൈകിട്ട് മൂന്നിന് ചാലയിലെ പാരമ്പര്യപാതയിലൂടെ പദ്മതീർഥക്കരയിലേക്ക് കൊണ്ടുവരും. സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിൽ പൂജയ്ക്കിരുത്തും. വേളിമല കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലേക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീ ക്ഷേത്രത്തിലേക്കും കൊണ്ടു പോകും. ഇവിടെ ശനിയാഴ്ച മുതൽ ഭക്തർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ എസ്. ആർ.സജിൻ അറിയിച്ചു.
കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ സരസ്വതിദേവിക്ക് പൂജ ആരംഭിക്കും. 26ന് രാവിലെ 8.30ന് നിശ്ചിതഎണ്ണം കുട്ടികൾക്ക് വിദ്യാരംഭം നടത്തും. അരി, തട്ടം, മോതിരം എന്നിവ വീട്ടുകാർ കൊണ്ടുവരണം. അച്ഛനമ്മമാരുടെ മടിയിലിരുത്തി പൂജാരിയുടെ നിർദ്ദേശപ്രകാരം എഴുത്തിനിരുത്താം. രാവിലെ 8.30 മുതൽ 11 വരെയും വൈകിട്ട് മൂന്നു മുതൽ 5.30 വരെയുമാണ് ദർശനസമയം. ദർശനത്തിനുള്ള പ്രവേശനവും നിയന്ത്രിക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനത്തിനുള്ള വസ്ത്രധാരണ രീതി നവരാത്രിമണ്ഡപത്തിലും ബാധകമായിരിക്കും. നവരാത്രി സംഗീതോത്സവത്തിൽ പ്രവേശനമില്ല. പ്രസാദവിതരണവുമില്ല.വിശേഷപൂജ, അർച്ചന, സഹസ്രനാമാർച്ചന എന്നിവയ്ക്ക് ബുക്കു ചെയ്യാൻ നവരാത്രി ട്രസ്റ്റ് ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 2479245.