
ആര്യനാട്: മരച്ചീനി കർഷകർക്ക് ഇനി വിളവെടുപ്പിലെ അദ്ധ്വാനം കുറയ്‌ക്കാനും ജോലിക്കാരില്ലെന്ന ആശങ്ക അകറ്റാനും പുത്തൻ ഉപകരണം വരുന്നു. ആഗ്രോ ഈസി ടപ്പിയോക്ക പ്ലക്കർ എന്ന ഉപകരണമാണ് കർഷകന് കൈത്താങ്ങായി എത്തുന്നത്. തൊടുപുഴ, അഞ്ചിരിയിൽ വല്ലോപ്പിളിൽ ഹൗസിൽ ജോസ് ചെറിയാനും മുതലക്കോടം വള്ളിക്കാട്ട് ഹൗസിൽ വി.വി. ജോസ് എന്നിവർ ചേർന്ന് ജെ ആൻഡ് ജെ ആഗ്രോ ടൂൾസ് എന്ന സ്ഥാപനത്തിന്റെ കീഴിലാണ് ഉപകരണം വികസിപ്പിച്ചത്. കപ്പ വിളവെടുപ്പ് അനായേസേന സ്വയം എങ്ങനെ ചെയ്യാം എന്ന ചിന്തയിലൂടെയാണ് ഇരുവരും ചേർന്ന് പ്ലക്കർ കണ്ടുപിടിച്ചത്. തുടർന്ന് വെള്ളനാട് മിത്രനികേതൻ കൃഷി വിജ്‍ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആര്യനാട് പഞ്ചായത്തിലെ കോക്കോട്ടേല സുരേഷ് കുമാറിന്റെ തോട്ടത്തിൽ പ്ലക്കർ ഉപയോഗിച്ച് മരച്ചീനി പറിച്ച് പരീക്ഷണം സംഘടിപ്പിച്ചു. മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം ഉദ്‌ഘാടനം ചെയ്‌തു. ജോസ് ചെറിയാനും വി.വി. ജോസും കർഷകർക്ക് നിർദ്ദേശം നൽകി. ഒരു മിനിറ്റിൽ ഒരു മൂട് മരിച്ചീനി മുറിയാതെ മുഴുവനായി വിളവെടുക്കാൻ പ്ലക്കറിലൂടെ കഴിയുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം, കെ.വി.കെ അഗ്രിക്കച്ചറൽ എൻജിനിയറിംഗ് സ്‌പെഷ്യലിസ്റ്റ് ജി. ചിത്ര എന്നിവർ പറയുന്നു. രണ്ടായിരം രൂപയുടെ പ്ലക്കർ മിത്രാനികേതനിൽ ലഭ്യമാകുമെന്നും ജെ ആൻഡ് ജെ അധികൃതരും ഡോ. ബിനു ജോൺ സാമും പറഞ്ഞു.