
തിരുവനന്തപുരം: സംശയത്തിന്റെ പേരിൽ ഭാര്യയെ ചുട്ടുകൊന്ന ഭർത്താവിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം.
വട്ടപ്പാറ കല്ലയം പ്ളാവില തെങ്ങുംകോണത്ത് വീട്ടിൽ ബാബുക്കുട്ടനെയാണ് ഭാര്യ ലളിതയെ കൊല്ലപ്പെടുത്തിയ കേസിൽ ശിക്ഷിച്ചത്. 2010 നവംബർ മൂന്നിനായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ബാബുക്കുട്ടൻ, രാവിലെ ജോലി കഴിഞ്ഞെത്തിയ ബേക്കറി ജീവനക്കാരിയായ ലളിതയെ സംശയത്തെ തുടർന്ന് മർദ്ദിക്കുകയും മണ്ണെണ്ണ വിളക്കിനെറിയുകയുമായിരുന്നു. മുഖത്ത് വന്നടിച്ച വിളക്കിൽ നിന്നാണ് ലളിതയുടെ ദേഹത്ത് തീ പടർന്നത്. തടയാനെത്തിയ മകൻ സന്തോഷിനെയും പ്രതി മർദ്ദിച്ച് വീട്ടിൽ നിന്ന് ഓടിച്ചിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു ദിവസത്തിന് ശേഷം ലളിത മരിച്ചു. മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന് സഹായകമായത്. മരണമൊഴിയും നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ കെ.ഒ.അശോകൻ ഹാജരായി.