
തിരുവനന്തപുരം: പവർഗ്രിഡിന്റെ ദേശീയ വൈദ്യുതി ശൃംഖലയുടെ നിരക്കിൽ കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ വരുത്തിയ മാറ്റം കേരളത്തിന് തിരിച്ചടിയാകും. അതേപടി നടപ്പാക്കേണ്ടിവന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ യൂണിറ്റിന് 85 പൈസയെങ്കിലും കൂട്ടേണ്ടിവരുമെന്നാണ് ആശങ്ക. പുതിയ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് കെ.എസ്.ഇ.ബി.യുടെ തീരുമാനം.
ദേശീയ വൈദ്യുതിവിതരണ ശൃംഖല പവർഗ്രിഡ് കോർപറേഷന്റെയാണ്. അതിലൂടെയാണ് കേന്ദ്രഗ്രിഡിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന വൈദ്യുതിയും സംസ്ഥാനത്ത് എത്തിക്കുന്നത്. കൊണ്ടുവരുന്ന വൈദ്യുതിയുടെ അളവും ഗ്രിഡ് ഉപയോഗിക്കുന്ന കാലയളവും അനുസരിച്ചാണ് നിലവിൽ നിരക്ക് നൽകുന്നത്.
ഇതിന് പകരം മൊത്തം ശൃംഖലയുടെ നിർമ്മാണ, മെയിന്റനൻസ് ചെലവ് കണക്കാക്കി ഒരു ഫോർമുലയുടെ അടിസ്ഥാനത്തിൽ തുല്യമായി സംസ്ഥാനങ്ങൾ ബാധ്യത വഹിക്കണമെന്നാണ് കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ തീരുമാനം. ഇതോടെ ഗാർഹിക ഉപയോഗത്തിന് കൂടുതൽ വൈദ്യുതി ഉപയോഗിക്കുകയും ജലവൈദ്യുതിയിൽ കുറവുണ്ടാകുമ്പോഴും മാത്രം പുറമെ നിന്ന് വൈദ്യുതികൊണ്ടു വരികയും ചെയ്യുന്ന കേരളത്തിന് അധികബാധ്യത വഹിക്കേണ്ടിവരും. നിലവിൽ പ്രസരണചാർജ്ജിനായി യൂണിറ്റിന് കേവലം 35പൈസയാണ് ഉപഭോക്താക്കളിൽ നിന്ന് കെ.എസ്.ഇ.ബി. ഇൗടാക്കുന്നത്. പുതിയ നിയമം വന്നാൽ ഇത് 1.05 രൂപയായി വർദ്ധിക്കും.
വൈദ്യുതി ഉത്പാദന മേഖല സ്വകാര്യവൽക്കരിച്ചപ്പോൾ അതിന് അനുസൃതമായി വിതരണ ശൃംഖലയുമുണ്ടാക്കി. എന്നാൽ സ്വകാര്യ ഉത്പാദനയൂണിറ്റുകൾ പിൻവലിഞ്ഞപ്പോൾ ഇൗ സംവിധാനങ്ങൾ ബാധ്യതയായി. ഇത് സ്വകാര്യ ഉത്പാദകരിൽ നിന്ന് തന്നെ ഇൗടാക്കണമെന്ന് സി.എ.ജി.റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. ഇത് പ്രയാസമാണെന്ന് കണ്ടാണ് സംസ്ഥാനങ്ങളിൽ നിന്നും വാങ്ങാനുള്ള കേന്ദ്രസർക്കാർ നീക്കം.
"വൈദ്യുതി ബോർഡിന്റെ പ്രവർത്തന നിയമമനുസരിച്ച് നഷ്ടമുണ്ടായാൽ സംസ്ഥാന സർക്കാരിൽ നിന്ന് വാങ്ങാനാവില്ല. അത് ഉപഭോക്താക്കളിൽ നിന്ന് തന്നെ ഇൗടാക്കേണ്ടിവരും. പുതിയ നയത്തിലൂടെ പ്രതിവർഷം ആയിരം കോടിയുടെ അധികബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്. ഇതൊഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്."
എൻ.എസ്.പിള്ള, കെ.എസ്. ഇ.ബി. ചെയർമാൻ