
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. വിതരണ മേഖല സ്വകാര്യവത്കരിക്കുന്നതിന് ലേലം നടത്തുന്നതിനുള്ള കരട് മാർഗ്ഗ നിർദ്ദേശത്തിന് നൽകിയ പ്രതികരണം ഉൾപ്പെടുത്തി കേന്ദ്ര ഊർജ്ജ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രത്തിന്റെ കരട് മാർഗ്ഗനിർദ്ദേശം സംസ്ഥാനങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും വൈദ്യുതി വിതരണം സംസ്ഥാന വിഷയമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. പ്രസരണ വിതരണ നഷ്ടം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
വിതരണ മേഖലയിൽ 4036 കോടി രൂപയുടെ വികസന പദ്ധതി നടപ്പിലാക്കി വരുകയാണ് . വരുന്ന നാലു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വൈദ്യുതി വിതരണ സംവിധാനം കേരളത്തിന്റേതാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.