
തിരുവനവന്തപുരം: തുലാമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. 48 മണിക്കൂറിനുള്ളിലുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള തീർത്ഥാടകരെ മാത്രമേ ദർശനത്തിന് അനുവദിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലകയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും കരുതണം. 10 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുളളവർക്കു മാത്രമാണ് ദർശനത്തിന് അനുവാദം. പമ്പാ നദിയിൽ സ്നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേകം ഷവറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
വെർച്വൽ ക്യൂ സംവിധാനം വഴി രജിസ്റ്റർ ചെയ്ത 250 ഭക്തർക്കാണ് ഒരു ദിവസം ദർശനം. ബുക്കിംഗ് നടത്തിയപ്പോൾ ദർശനത്തിന് നൽകിയ സമയത്തു തന്നെ ദർശനത്തിനെത്തണം.
സാനിറ്റൈസർ, മാസ്ക്, കൈയുറകൾ എന്നിവ കരുതണം. ഭക്തർ കൂട്ടംചേർന്ന് സഞ്ചരിക്കാൻ പാടില്ല. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം. മറ്റ് എല്ലാ വഴികളും അടച്ചിരിക്കുകയാണ്.
വെർച്വൽ ക്യൂ വഴി
മതിയെന്ന് സ്പെഷ്യൽ കമ്മിഷണർ
കൊച്ചി : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ വഴി മാത്രം ഭക്തരെ പ്രവേശിപ്പിച്ചാൽ മതിയെന്നും, ഇതിൽ രജിസ്റ്റർ ചെയ്യാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും സ്പെഷ്യൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല - മകരവിളക്ക് സീസണിൽ കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം തീർത്ഥാടനം അനുവദിക്കാൻ സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കിയാണ് റിപ്പോർട്ട്. നിലയ്ക്കലിലെ പരിശോധനയിൽ രോഗമുണ്ടെന്ന് കണ്ടാൽ ഭക്തരെ എവിടെ അഡ്മിറ്റ് ചെയ്യും, തന്ത്രി, മേൽശാന്തി, ദേവസ്വം ജീവനക്കാർ തുടങ്ങിയവർക്ക് കൊവിഡ് ബാധിച്ചാലെന്തു ചെയ്യും എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
അറുപതു കഴിഞ്ഞവരെയും പത്തു വയസിൽ താഴെയുള്ളവരെയും ഒഴിവാക്കണം
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ വിരി വയ്ക്കാനോ താമസിക്കാനോ അനുവദിക്കരുത്
തീർത്ഥാടകരെ നിലയ്ക്കലിൽ പരിശോധിക്കണം
പമ്പയിൽ വച്ചുള്ള കെട്ടുനിറ ഒഴിവാക്കണം