
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജി.എസ്. ടി നഷ്ടപരിഹാരം കേന്ദ്രം തന്നെ വായ്പയെടുത്തു നൽകും. ഇതിനായി 1.10ലക്ഷം കോടിയാണ് കേന്ദ്രം റിസർവ് ബാങ്കിന്റെ സ്പെഷ്യൽ വിൻഡോ വഴി വായ്പയെടുക്കുക.
സംസ്ഥാനങ്ങൾ 1.10ലക്ഷം കോടി വായ്പയെടുക്കണമെന്നും അതിന്റെ മുതലും പലിശയും ജി.എസ്. ടി സെസ് പിരിവിൽ നിന്ന് നൽകാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ മുൻ നിലപാട്. കേന്ദ്രത്തിന്റെ ഓപ്ഷൻ സ്വീകരിക്കണമെന്ന നിബന്ധനയും ഉണ്ടെന്നാണ് സൂചന.
കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളാണ് കേന്ദ്രം വായ്പയെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടത്. 21 സംസ്ഥാനങ്ങളും 2 കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്രനിലപാടിനോട് യോജിച്ചിരുന്നു. ജി.എസ്. ടി കൗൺസിൽ തീരുമാനിക്കാതെ 23 സംസ്ഥാനങ്ങൾക്ക് 78,000 കോടി വായ്പയെടുത്ത് നൽകുന്നതിനെതിരെ കേരളമുൾപ്പെടെ കോടതിയെ സമീപിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇക്കാര്യം ആലോചിക്കാൻ നാളെ മുഖ്യമന്ത്രിയും ധനമന്ത്രിയും നിയമമന്ത്രിയും അഡ‌്വക്കേറ്ര് ജനറലും യോഗം ചേരുമെന്നും പറഞ്ഞിരുന്നു. കേന്ദ്രം വായ്പയെടുത്ത് തരാൻ സമ്മതിച്ചതിനാൽ സംസ്ഥാനത്തിന്റെ നീക്കം അവസാനിപ്പിച്ചേക്കാം.