
തിരുവനന്തപുരം: വിദൂര, സ്വകാര്യ കോഴ്സുകൾ എല്ലാ സർവകലാശാലകളിലും നിലവിലേതു പോലെ തുടരാമെന്ന് സർക്കാർ. ഓപ്പൺ സർവകലാശാലയിൽ കോഴ്സുകൾ ആരംഭിച്ചു കഴിഞ്ഞാൽ മറ്റിടങ്ങളിൽ വിദൂര കോഴ്സ് പാടില്ലെന്നാണ് ഓർഡിനൻസിലുള്ളതെന്നും, അവിടെ കോഴ്സുകൾ ആരംഭിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇതോടെ, കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ ഇക്കൊല്ലം കോഴ്സുകൾ തുടങ്ങാനാവില്ലെന്ന് ഉറപ്പായി.
ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സി അംഗീകാരം നേടിയെടുക്കാൻ അഞ്ചു മാസമെടുക്കും. വൈസ്ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ നിയമന ഉത്തരവുകൾ സഹിതം അനുമതിക്കായി ആദ്യം യുജിസിക്ക് അപേക്ഷ നൽകണം. ഇത് ലഭിച്ച ശേഷമേ കോഴ്സുകൾ തുടങ്ങാൻ അപേക്ഷിക്കാനാവൂ. ഈ അനുമതി ലഭിച്ചാലേ വിദൂര വിദ്യാഭ്യാസം തുടങ്ങാനാവൂ. കോളേജുകളിൽ പ്രവേശനം ലഭിക്കാത്ത ഒന്നര ലക്ഷത്തോളം കുട്ടികളുടെ ഭാവിയെക്കരുതി ഇക്കൊല്ലം മറ്റ് സർവകലാശാലകളിൽ വിദൂര, പ്രൈവറ്റ് പഠനം തുടരാമെന്നാണ് സർക്കാർ നിലപാട്.
നിലവിൽ കേരള സർവകലാശാലയ്ക്ക് മാത്രമാണ് ഇക്കൊല്ലം വിദൂര കോഴ്സുകൾക്ക് യു.ജി.സിയുടെ അനുമതിയുള്ളത്. കൊവിഡ് സാഹചര്യം പരിഗണിച്ച് അനുമതി നൽകണമെന്ന് കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളും ആവശ്യപ്പെടും. എല്ലാ സർവകലാശാലകളിലെയും വിദൂര, പ്രൈവറ്റ് കോഴ്സുകൾ നിറുത്തി ഓപ്പൺസർവകലാശാലയിൽ മാത്രമാക്കുന്ന ഓർഡിനൻസിലെ 51(2) വകുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തതും , ഓപ്പൺ സർവകലാശാലയ്ക്ക് തിരിച്ചടിയാണ്. മറ്റു സർവകലാശാലകളിൽ വിദൂര പഠനം തുടർന്നാൽ അവിടത്തെ അദ്ധ്യാപകരെയും സൗകര്യങ്ങളും ഓപ്പൺ സർവകലാശാലയ്ക്ക് പ്രയോജനപ്പെടുത്താനാവില്ല.