
കാസർകോട്: മുതിയക്കാൽ വയലിൽ നെൽകൃഷിക്ക് ഇറങ്ങി കനത്ത മഴ ചതിച്ചതിന്റെ സങ്കടത്തിലാണ് ആറാട്ടുകടവിലെ കൂട്ടുകാർ. ബിസിനസുകാരനായ പി. ദിവാകരൻ, ഗൾഫ് ജീവിതം മതിയാക്കി എത്തിയ തിരുവക്കോളിയിലെ ബാലകൃഷ്ണൻ നായർ, റിട്ട. അദ്ധ്യാപകൻ ശ്രീധരൻ എന്നിവർക്കാണ് നല്ലവിളവ് കിട്ടിയതിന്റെ സന്തോഷത്തിൽ കൊയ്യാനായി കാത്തിരിക്കവെ വില്ലനായി മഴ എത്തിയത്. മൂന്ന് ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയിൽ മൂപ്പെത്തിയ കതിർമണികൾ വെള്ളത്തിൽ മുങ്ങി. കൊയ്തിട്ട നെൽക്കറ്റകളാണ് വെള്ളത്തിൽ മുങ്ങിപ്പോയതിൽ കൂടുതലും. കൊയ്ത ശേഷം വരമ്പുകളിൽ ഉണങ്ങാനിട്ടിരുന്ന കതിർ മണികളാണ് നഷ്ടപ്പെട്ടത്. അരലക്ഷത്തോളം രൂപയുടെ നെൽകൃഷി ഈ മൂവർ സംഘത്തിന് മാത്രമായി നശിച്ചുപോയിട്ടുണ്ട്. കതിരുകൾ മുങ്ങിയതോടെ വെള്ളത്തിൽ നിന്ന് കോരിയെടുത്തു റോഡിൽ കൊണ്ടിട്ട് വൈക്കോൽ ഉണക്കിയെടുക്കാനുള്ള പദ്ധതിയിലാണ് ഈ കൃഷിക്കാർ.
രണ്ടുവർഷമായി സുഹൃത്തുക്കളായ ഈ ത്രിമൂർത്തികൾ മുതിയക്കാൽ വയലിൽ കൃഷി ചെയ്യാൻ തുടങ്ങിയിട്ട്. കഴിഞ്ഞ വർഷം മികച്ച വിളവ് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇത്തവണയും വിത്ത് വിതച്ചത്. മുതിയക്കാൽ വയലിൽ പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. 90 ദിവസം കൊണ്ട് വിളയുന്ന ജയ നെല്ലിന്റെ വിത്താണ് വിതച്ചത്. ഒരു ലക്ഷത്തോളം ചിലവായിരുന്നു . നെല്ല് പോയെന്ന് മാത്രമല്ല വൈക്കോലും നഷ്ടപ്പെട്ടു. സ്ത്രീത്തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ വരെ കിട്ടില്ലെന്ന് കൃഷിക്കാർ പറയുന്നു. മഴ പെയ്തു കഴിഞ്ഞാൽ അഴിമുഖം അടക്കുന്നതും വെള്ളം കയറുന്നതിന് കാരണമാകുന്നുണ്ട്. മഴ പെയ്‌തോഴിഞ്ഞാലും വെള്ളം ഇറങ്ങുന്നില്ല. അഴിമുഖം കൊത്തി ഇളക്കിയാൽ മാത്രമേ വെള്ളം ഇറങ്ങുകയുള്ളൂ. വെള്ളം ഇറങ്ങുന്നത് വരെ കൃഷിയെല്ലാം മുങ്ങിത്തന്നെ കിടക്കും. മുതിയക്കാൽ വയലിൽ നെൽകൃഷി വെള്ളത്തിലായവർ ഒട്ടേറെ പേരുണ്ട്.
വലിയ ലാഭമൊന്നും ഇല്ലെങ്കിലും കൃഷിയോട് എന്നും ആവേശമായിരുന്നു. എല്ലാവരും കൃഷി ചെയ്യുന്നത് കാണാറുണ്ട് .വയലുകൾ തരിശായി കിടക്കുന്നത് കണ്ട് നമ്മളും തുനിഞ്ഞിറങ്ങിയതാണ്. നെൽകൃഷിയുടെ സമയം ആകുമ്പോൾ എന്തായാലും വിത്തിടാമെന്ന് കൂട്ടായി ആലോചിക്കും ഇറങ്ങും. ജൈവ വളം നൽകിയാണ് കൃഷിയെടുക്കുന്നത്.
പി. ദിവാകരൻ
(കർഷകൻ ആറാട്ടുവയൽ )