baiju

കൊല്ലം: പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതികളുടെ വിലങ്ങ് മുറിക്കാൻ സഹായിച്ചയാൾ അറസ്റ്റിൽ. പാരിപ്പള്ളി പുലിക്കുഴി ചരുവിള വീട്ടിൽ ബൈജുവാണ് (30) പരവൂർ പൊലീസിന്റെ പിടിയിലായത്.പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട ചിന്നുക്കുട്ടൻ, മനു എന്നിവരുടെ വിലങ്ങ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് ബൈജു മുറിച്ചുമാറ്റിയത്. മുറിച്ച വിലങ്ങ് പ്രതികൾ കൊടിമൂട്ടിൽ അമ്പലത്തിന് സമീപമുള്ള കുളത്തിൽ ഉപേക്ഷിച്ചു. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുളത്തിൽ നിന്ന് വിലങ്ങിന്റെ ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു. പരവൂർ ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. ബൈജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.