താരകുടുംബത്തിൽ നിന്നും ചോക്ളേറ്റ് നായകനായി മലയാള സിനിമയിലെത്തി കുടുംബ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ പൃഥ്വിരാജ് ഇന്ന് 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. കൊവിഡിന്റെ സാഹചര്യത്തിൽ വലിയ ആർഭാടങ്ങളൊന്നും കൂടാതെ വീട്ടിൽ തന്നെ ചെറിയ രീതിയിലായിരിക്കും പിറന്നാൾ ആഘോഷം. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം ഇന്ന് നടൻ മാത്രമല്ല, നിർമ്മാതാവും സംവിധായകനും കൂടിയാണ്. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആദ്യ ചിത്രം ലൂസിഫർ വൻ ഹിറ്റായതോടെ സംവിധാനവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചു. തുടർന്ന് ലൂസിഫറിന്റെ രണ്ടാം ഭാഗവും താരം പ്രഖ്യാപിച്ചു. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പിറന്നാൾ ദിനത്തിൽ സിനിമ സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങളും വിശേഷങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കൂടാതെ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചറിയാനുള്ള ആകാംക്ഷയും സിനിമാ പ്രേമികൾക്കുണ്ട്.

ഇതര ഭാഷകളിലും

2005ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു. പാരിജാതം (2005) ,മൊഴി (2007) , രാവണൻ (2010) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില തമിഴ് ചലച്ചിത്രങ്ങളാണ്. 2010ൽ പൊലീസ് പൊലീസ് എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. 2012ൽ അയ്യ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലുമെത്തി. റാണി മുഖർജിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചിൻ കുന്ദാൾക്കറാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിനു പൃഥ്വിരാജ് തയ്യാറായിരുന്നു. അതുൽ സബർവാൾ സംവിധാനം ചെയ്ത ഔറംഗസേബ് ആണ് ചിത്രം. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ അർജുൻ കപൂറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

പ്രൊഡക്ഷൻ കമ്പനി

ഭാര്യ സുപ്രിയ മേനോനുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണകമ്പനി സ്ഥാപിച്ച് മികച്ച രീതിയിൽ പ്രവത്തിച്ചുവരികയാണ്. നയൺ, ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് പുറത്തിറക്കിയത്. ബ്ളസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അതിനിടെ ഇന്ത്യയിൽ ആദ്യമായി വെർച്വൽ രീതിയിൽ പുറത്തിറങ്ങുന്ന ചിത്രവും പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.

നൂറോളം ചിത്രങ്ങൾ

നൂറോളം ചിത്രങ്ങളിൽ നായകനായി തിളങ്ങിയ പൃഥ്വിരാജിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ് സ്വപ്നക്കൂട്, ക്ളാസ് മേറ്റ്സ്, വാസ്തവം, അനന്തഭദ്രം, ചോക്ളേറ്റ്, തലപ്പാവ്, തിരക്കഥ, ഇന്ത്യൻ റുപ്പി, ഡ്രൈവിംഗ് ലൈൻസ്, അയ്യപ്പനും കോശിയും തുടങ്ങിയവ.

അവാഡ്

2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടുമ്പോൾ ആ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അർഹനായി. 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിലൂടെ ഈ അവാർഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്.

അണിയറയിൽ

പൃഥ്വിരാജ് നായകനായി എത്തുന്നതും പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിമ്മിക്കുന്നതുമായ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബ്ളെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് റിലീസിന് ഒരുങ്ങിന്ന പ്രധാന ചിത്രം. ഒരു ഷെഡ്യൂൾകൂടി അവശേഷിക്കുന്ന ആടുജീവിതത്തിന് ജോർദ്ദാനിലും സഹാറ മരുഭൂമിയിലും ചിത്രീകരണം ബാക്കിയുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നനും പൃഥ്വിരാജിന്റേതായി അടുത്ത് പ്രതീക്ഷിക്കുന്ന സിനിമയാണ്.