
തളിപ്പറമ്പ്: പെൺകുട്ടിയെ വഴിയിൽ വെച്ച് കയറിപ്പിടിച്ച സ്‌കൂട്ടർ യാത്രികനായ യുവാവിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. പാൽ വാങ്ങാൻ കടയിലേക്ക് പോകുകയായിരുന്ന 13 കാരിയായ പെൺകുട്ടിയെ കടന്നുപിടിച്ച സ്‌കൂട്ടർ യാത്രികനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 4.15ന് പാലകുളങ്ങര റോഡിലായിരുന്നു സംഭവം. പെൺകുട്ടി നടന്നു പോകവെ അടുത്തെത്തി വഴി ചോദിച്ച യുവാവ് പെട്ടെന്ന് ദേഹത്ത് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും യുവാവ് തൃച്ചംബരം ഭാഗത്തേക്ക് സ്‌കൂട്ടറുമായി കടന്നു പോകുകയും ചെയ്തു. എസ്.ഐ പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സിസി ടിവി കാമറകൾ പരിശോധിച്ചാണ് യുവാവിന്റെ ദൃശ്യം കണ്ടെത്തിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ തളിപ്പറമ്പ് പൊലീസിനെ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.. ഫോൺ 9497980884, 9497987212.