police

തളിപ്പറമ്പ്: കുറ്റിക്കോൽ ശാന്തിനഗർ സ്വദേശിയും മലപ്പുറം എം.എസ്.പി ക്യാമ്പ് എസ്.ഐയുമായിരുന്ന മനോജ്കുമാറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ വിദ്യ രംഗത്ത്. ഇവർ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് ചീഫ്, എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ആഗസ്റ്റ് 19 ന് രാവിലെയാണ് എം.എസ്.പി ക്യാമ്പിലെ ക്വാർട്ടേഴ്സിൽ മനോജ്കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മേലുദ്യോഗസ്ഥനായ പാലക്കാട് സ്വദേശിക്ക് വായ്പ ലഭിക്കുന്നതിന് മനോജ്കുമാർ ജാമ്യം നിന്നിരുന്നുവെന്ന് പറയുന്നു. എന്നാൽ ഇയാൾ വായ്പ തിരിച്ചടക്കാതിരുന്നതിനാൽ 31 മാസമായി മനോജ്കുമാറിന്റെ ശമ്പളം തടയപ്പെട്ടിരുന്നുവത്രെ. നിരവധി തവണ പ്രയാസം അറിയിച്ചെങ്കിലും ഇക്കാര്യം പറഞ്ഞ് തന്നെ സമീപിച്ചാൽ പെൻഷൻ കിട്ടാതെ പിരിയേണ്ടിവരുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം. മനോജ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട ക്യാമ്പിലെ പൊലീസുകാർ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയിരുന്നത്. മരണം നടന്ന് നാൽപതാം ദിവസമാണ് മലപ്പുറത്തെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ തന്റെ മൊഴിയെടുത്തതെന്ന് വിദ്യ പറയുന്നു.

മനോജിന് ഡയറിയുണ്ടെന്നും പരിശോധിക്കണമെന്നും അറിയിച്ചെങ്കിലും ഡയറി ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. പിന്നീട് ഡയറി ഉണ്ടെന്ന് അവർ അറിയിച്ചെങ്കിലും ഡയറി ഇതുവരെ തനിക്ക് നൽകിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും നൽകിയില്ല. മനോജ് കുമാറിനെ അപായപ്പെടുത്തിയിരിക്കാൻ സാദ്ധ്യതയുണ്ടെന്നും മേലുദ്യോഗസ്ഥനായ പൊലീസുകാരന്റെ ഭീഷണിമൂലം ജീവനൊടുക്കിയതാകാമെന്നും സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തണമെന്നുമാണ് ഭാര്യയുടെ ആവശ്യം.