flag

കൊയിലാണ്ടി: നറുക്കെടുപ്പിന്റെ ഭാഗ്യത്തിൽ മാത്രം ഭരണം കിട്ടിയ രണ്ട് പഞ്ചായത്തു പ്രസിഡന്റുമാർ ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഭരണ മികവിൽ ജനം വിശ്വാസം അർപ്പിച്ചതായും അതുകൊണ്ട് ലോട്ടറിയുടെ സഹായമൊന്നും വേണ്ടെന്നുമാണ് ചെങ്ങോട്ട്കാവ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാരുടെ അവകാശ വാദം. തുല്യ സീറ്റുകൾ വന്ന രണ്ട് പഞ്ചായത്തുകളിൽ ഇടതും വലതുമാണ് ഭരണത്തിൽ.

തുടർ ഭരണം ഉറപ്പാണെന്ന് കൂമുള്ളി കരുണനും അശോകൻ കോട്ടും ഉറപ്പിച്ച് പറയുന്നു. ചെങ്ങോട്ട് കാവിൽ യു.ഡി.എഫിലെ കുമുള്ളി കരുണനും ചേമഞ്ചേരിയിൽ എൽ.ഡി.എഫിലെ അശോകൻ കോട്ടുമാണ് പ്രസിഡന്റ്. ചെങ്ങോട്ട് കാവിൽ ഇരു മുന്നണികൾക്കും 7 വീതവും ബി.ജെ.പിക്ക് മൂന്ന് സീറ്റും ലഭിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.പി മാറി നിൽക്കുകയായിരുന്നു. ചേമേഞ്ചേരിയിലാകട്ടെ ഇരു മുന്നണികൾക്കും പത്തു വീതം സീറ്റുകൾ ലഭിച്ചു.

ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ജനകീയതയും വികസന പ്രവർത്തനങ്ങളും എടുത്തു കാട്ടുന്നു. ബി.ജെ.പിയേയും ഇടതിനേയും ഒപ്പം കൂട്ടി അഞ്ച് കൊല്ലം കൊണ്ട് പോകാനായെന്നും അദ്ദേഹം സൂചിപ്പിച്ചു. വരുമാനം കുറഞ്ഞ പഞ്ചായത്തായിട്ടും എം.എൽ.എ, എം.പി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് വികസനം നടത്തിയത്. നൂറ് ശതമാനം നികുതി പിരിച്ചെടുത്ത അപൂർവ്വം ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് ചെങ്ങോട്ട് കാവ്.

കേരളം ഭരിക്കുന്നത് എൽ.ഡി.എഫ് ആയിട്ടും വികസനത്തിൽ പൂർണ്ണ സഹകരണം കിട്ടിയതായും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഭൂരിപക്ഷം സീറ്റുകളും നേടി തുടർ ഭരണം ഉറപ്പാണന്ന് അദ്ദേഹം പറഞ്ഞു. ചേമഞ്ചേരിയിലാകട്ടെ എൽ.ഡി.എഫ് നറുക്കെടുപ്പിലൂടെ അധികാരത്തിൽ വന്നെങ്കിലും രണ്ട് വർഷത്തിനു ശേഷം എൽ.ജെ.ഡി മുന്നണിയിലെത്തി. വികസനവും തുടർ ഭരണത്തിന് അനുകൂല സാദ്ധ്യതയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് പറയുന്നു.

രണ്ട് എൽ.ജെ.ഡി അംഗങ്ങളാണ് ഇടത് പാളയത്തിൽ എത്തിയത്. ജില്ലയിൽ എൽ.ജെ.ഡിക്ക് ശക്തിയുള്ള പഞ്ചായത്തുകളിലൊന്നാണ് ചേമഞ്ചേരി. കാർഷികമേഖല, മത്സ്യമേഖല, മൃഗ പരിപാലനം ഇങ്ങനെ വിവിധ മേഖലകളിലെ വികസനവും കൂടിച്ചേരുമ്പോൾ വലിയ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫിന് തുടർ ഭരണം ഉറപ്പാണന്നും അദ്ദേഹം പറഞ്ഞു.