
തൃക്കരിപ്പൂർ: മാസങ്ങളായി മുടങ്ങിക്കിടന്ന വിനോദ സഞ്ചാര മേഖലയ്ക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി ലഭിച്ചതോടെ കായൽ ടൂറിസത്തിന് വീണ്ടും ജീവൻ വെക്കുന്നു. ജില്ലയിലെ പ്രധാന കായൽ ടൂറിസ്റ്റു കേന്ദ്രമായ കോട്ടപ്പുറം, അച്ചാംതുരുത്തി തുടങ്ങിയവിടങ്ങളിലായി മുപ്പതോളം ഹൗസ് ബോട്ടുകളാണ് വിനോദ സഞ്ചാരികളെ കാത്തു നിൽക്കുന്നത്. കൊവിഡിന് മുൻപ് വിദേശ സ്വദേശ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് കവ്വായി കായലും അതിലൂടെയുള്ള ഹൗസ് ബോട്ട് സഞ്ചാരവും. വിദ്യാർത്ഥികളും ചെറിയ കുടുംബ ഫംഗ്ഷഷനുകളും മീറ്റിംഗുകളുമൊക്കെ ഒഴുകുന്ന ബോട്ടിൽ വെച്ച് നടത്തുന്ന പതിവുണ്ടായിരുന്നു.
തീരദേശ പഞ്ചായത്തായ വലിയപറമ്പയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു കായൽ ടൂറിസം പദ്ധതി.
ആറുമാസങ്ങൾക്ക് മുമ്പായി കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെച്ച ടൂറിസം മേഖലയും ഹൗസ് ബോട്ടുകൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയതാണ് നൂറുകണക്കിന് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും അനുബന്ധ തൊഴിൽ മേഖലയ്ക്കും ആശ്വാസമാകുന്നത്. ഹോം സ്റ്റേകൾ, റിസോർട്ടുകൾ തുടങ്ങി വലിയപറമ്പയിൽ വിനോദ സഞ്ചാരികളെ കാത്ത് നിരവധി സംരംഭങ്ങളുണ്ട്.
കവ്വായി കായലിൽ കൂടിയുള്ള ഹൗസ് ബോട്ടുകളിലൂടെയുള്ള സഞ്ചാരത്തിനാണ് ഇതിൽ പ്രാധാന്യം. അഴിമുഖവും അസ്തമയവും കവ്വായി കായലിന്റ തീരത്തെ സുന്ദരമാക്കുന്നു. കേരവൃക്ഷങ്ങളുടെ സമ്പന്നതയും മത്സ്യകൃഷിയും ഏഴിമലയുടെ വിദൂരദർശനവുമൊക്കെ ആസ്വദിക്കാനാണ് വിനോദ സഞ്ചാരികൾ ഹൗസ് ബോട്ടുകളെ ആശ്രയിക്കുന്നത്. വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് സർക്കാർ നീക്കിയതോടെയാണ് ആറുമാസങ്ങളോളമായി കായലോരങ്ങളിൽ മൂടിപ്പുതപ്പിച്ചു നിർത്തിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകളുടെയും കായൽ ടൂറിസവും വീണ്ടും സജീവമാക്കുന്നത്. നിരോധനം നീക്കിയതോടെ ബോട്ടുകളെ സഞ്ചാരത്തിനായി ഒരുക്കി നിർത്തി ടൂറിസ്റ്റുകളെ
കാത്തിരിക്കുകയാണ് ബോട്ടുടമകൾ.
വലിയ പറമ്പ ലക്ഷ്യമാക്കി കവ്വായി കായലിലൂടെയാണ് ഓരോ ബോട്ടിന്റെയും സഞ്ചാര പാത. 70 ലക്ഷം രൂപ ചെലവുവരും ഒരു ഹൗസ് ബോട്ട് നിർമ്മിക്കാൻ. ആഡംബരം കൂടുന്നതിനുസരിച്ച് വില ഉയരും. പാർട്ടണർഷിപ്പിലാണ് ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നത്. പല വിധത്തിലുള്ള വായ്പ്പകൾ തരപ്പെടുത്തിയാണ് ഓരോ ബോട്ടുകളും സർവീസിനായി ഇറക്കിയിട്ടുള്ളത്. അതിനിടയിൽ കൊവിഡ് മഹാമാരി പടർന്നതോടെ പ്രതിസന്ധിയിലായ കായൽ ടൂറിസം പച്ച പിടിക്കുമെന്ന പ്രതീക്ഷയിലാണ് ഹൗസ് ബോട്ട് സംരംഭകർ. സാമൂഹ്യ അകലം പാലിച്ചുകൊണ്ടും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചും പ്രവർത്തിച്ചാൽ കായൽ ടൂറിസം പതിയെ പഴയ പോലെ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ.