
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിന് തൊട്ടുമുന്നിലായി അപകടകെണിയൊരുക്കി ഓടനിർമ്മാണം. നെല്ലനാട് പഞ്ചായത്ത് ഓഫിസിന് മുൻവശത്തെ റോഡിലാണ് ഓട പൊളിച്ച് പണിയുന്ന ജോലികൾ പകുതിയിൽ നിറുത്തിയിട്ടിരിക്കുന്നത്. കോൺക്രീറ്റിന് മുകളിലേക്ക് കമ്പികൾ ഉയർന്ന് നിൽക്കുന്ന തരത്തിലാണ് ജോലികൾ മുടങ്ങി കിടക്കുന്നത്. ബസ് സ്റ്റാൻഡിനുള്ളിൽ നിന്നുംസംസ്ഥാന പാതയിലേക്ക് ബസ് ഇറങ്ങിവരുന്ന റോഡാണ് ഇത്. ഇതുവഴി കണ്ണംകോട് ഭാഗത്തേക്കും നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഇത്രയും തിരക്കേറിയ സ്ഥലത്ത് കാൽ നടയാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന തരത്തിലാണ് അശാസ്ത്രീയമായി റോഡിലേക്കിറക്കിയുള്ള ഓടനിർമ്മാണം പകുതിയിൽ മുടങ്ങികിടക്കുന്നത്. നെല്ലനാട് പഞ്ചായത്തിന് കൺമുന്നിലുള്ള ഗുരുതരമായ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.