chennithala

തിരുവനന്തപുരം:സെക്രട്ടേറിയറ്റ് തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തിയ ഫോറൻസിക് വിഭാഗം ജോയിന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഒരു ഐ.ജി ഭീഷണിപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന്റെ അടുത്ത ദിവസം പൊലീസ് ആസ്ഥാനത്തെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഐ.ജി ഭീഷണിപ്പെടുത്തിയതും ഫയൽ വാങ്ങിവച്ചതും. കെമിക്കൽ റിപ്പോ‌ർട്ട് നെഗറ്റീവാണെങ്കിൽ പുറത്തു വരരുതെന്നും പറഞ്ഞു.

2021 വരെ സർവീസുള്ള ഫോറൻസിക് ഡയറക്ടർ സ്വയം വിരമിക്കലിന് അപേക്ഷ നൽകി.. സെക്രട്ടേറിയറ്ര് തീപിടിത്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സർക്കാർ അവകാശപ്പെട്ടതിന് വിരുദ്ധമായി ,ഷോർട്ട് സർക്യൂട്ടല്ല കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോറൻസിക് തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥനെ വയ്ക്കാനുള്ള ഡി.ജി.പിയുടെ നിർദ്ദേശം സർക്കാർ തള്ളണം.

വിജിലൻസിനെ ഉപയോഗിച്ച് ലൈഫ് അഴിമതിയിലെ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി നേരിട്ട് തെളിവില്ലാതാക്കാൻ ശ്രമിക്കുന്നത്.

സംസ്ഥാനത്തെ പിൻവാതിൽ നിയമനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും കത്തു നൽകും. നേരത്തെ മുഖ്യമന്ത്രി നൽകിയ മറുപടിയിൽ 11,674 താത്കാലിക ജീവനക്കാരുണ്ടെന്നാണ് പറഞ്ഞത്. ധനകാര്യ വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ 1,17,267 പേരുണ്ടെന്ന് പറയുന്നു.ശബരിമല തീർത്ഥാടനത്തിലെ കൂടുതൽ നിയന്ത്രണങ്ങൾ എടുത്തുകളയണം.

 കെ. മുരളീധരന്റെ വിമർശനം അറിയില്ല

ജോസ് കെ.മാണി യു.ഡി.എഫിൽ നിന്ന് പോകുന്നത് തടയാൻ കഴിഞ്ഞില്ലെന്ന കെ.മുരളീധരന്റെ വിമർശനത്തെക്കുറിച്ചറിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.. കെ.എം.മാണിക്കെതിരെ ഇടതുപക്ഷം

നടത്തിയ സമരത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് അൽഷിമേഴ്സ് ബാധിച്ചിരിക്കുകയാണ്. മാണിയെ ക്രൂശിച്ചതിൽ ഇടതുമുന്നണിക്ക് അല്പം പോലും പശ്ചാത്താപമില്ലാത്തത് കാണുമ്പോൾ ജനങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വില തൂക്കി നോക്കും. ഊർദ്ധ്വശ്വാസം വലിക്കുന്ന മുന്നണിക്കു ഓക്സിജൻ കൊടുത്താലും രക്ഷിക്കാനാവില്ല. അഴിമതി വിരുദ്ധപോരാട്ടമെന്നൊക്കെ പറയുന്നതിൽ കഥയില്ലെന്ന് എൽ.ഡി.എഫ് അണികൾക്ക് ബോദ്ധ്യമായി. . ഇത് അടുത്ത തിര‌ഞ്ഞെടുപ്പിൽ പ്രതിഫലിക്കും. രാഹുൽ ഗാന്ധിയെ വയനാട്ടിലെ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ അനുവദിക്കാത്ത സർക്കാർ നടപടി ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.