photo1

പാലോട്: നന്ദിയോട് പഞ്ചായത്ത് നവോദയ വാർഡിലെ കുറുങ്ങണം നിവാസികളായ എഴുപതോളം കുടുംബങ്ങൾ ജനിച്ച മണ്ണിന് പട്ടയമെന്ന ആവശ്യവുമായി ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് എട്ടുപതിറ്റാണ്ടുകൾ. ഇവർക്ക് താമസിക്കുന്ന മണ്ണിന് കൈവശരേഖയോ പട്ടയമോ ഇനിയും ലഭ്യമായിട്ടില്ല. ഇക്കാരണത്താൽ സർക്കാരിൽ നിന്ന് ലഭിക്കേണ്ട സഹായങ്ങൾക്കായി അധികൃതരുടെ കാലുപിടിക്കേണ്ട ഗതികേടിലാണിവർ.

പല വീടുകളും ചോർന്നൊലിച്ച് വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. പട്ടയത്തിനായി നിരവധി തവണ അപേക്ഷ നൽകിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. വനഭൂമിയാൽ ചുറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്ന ഇവർക്ക് വായ്പപോലും ബാങ്കുകൾ നിഷേധിക്കുകയാണ്. ഇക്കാരണത്താൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം പോലും മുടങ്ങുന്ന അവസ്ഥയാണ്. 80 വർഷമായി ഈ അവസ്ഥ തുടരുകയാണ്. ഏകദേശം മൂന്നു ഹെക്ടർ സ്ഥലത്ത് 600 ലധികം ആൾക്കാരാണ് താമസിക്കുന്നത്. താമസിക്കുന്നത് തെന്നൂർ വില്ലേജ് ഓഫീസിന്റെ പരിധിയിലാണെങ്കിലും ഇവരുടെ ആധാർ കാർഡിൽ വില്ലേജായി രേഖപ്പെടുത്തിയിരിക്കുന്നത് വിദൂര സ്ഥലത്തുള്ള കുറുപുഴയെയാണ്. ഇത്തരത്തിൽ അധികൃതരുടെ അനാസ്ഥയിൽ പ്രശ്നങ്ങളുടെ നടുവിലാണ് ഇവരെങ്കിലും നടപടികൾ മാത്രം ഇനിയും അകലെയാണ്.

പ്രതീക്ഷകൾ പരണത്ത്

ഇടിഞ്ഞുവീഴാറായ വീട്ടിൽ നിന്ന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇവർ മുട്ടാത്ത വാതിലുകളില്ല. ഇലക്‌ഷൻ അടുത്തു വരുമ്പോൾ വാഗ്ദാന പെരുമഴയുമായി എത്തുന്ന രാഷട്രീയക്കാർ ജയിച്ചാൽ പിന്നെ ഇവരെ അവഗണിക്കുകയാണ് പതിവ്. ചോർന്നൊലിക്കുന്ന വീടുകളിൽ ടോയ്‌ലെറ്റുകൾ പോലും ഇല്ലാത്ത അവസ്ഥയിലാണ്. കൃഷി മാത്രം ഉപജീവനമായിക്കണ്ട് ജീവിക്കുന്നവരോടാണ് അധികൃതർ ഈ അനാസ്ഥ തുടരുന്നത്. വിഷയത്തിൽ പരാതി പറഞ്ഞ് മടുത്തെന്നാണ് ഇവിടത്തുകാർ പറയുന്നത്.

കടമ്പകൾ ഇനിയും ഏറെ

കുറുപുഴ, തെന്നൂർ, പാലോട് വില്ലേജുകളിൽ ഉൾപ്പെടുന്ന 2.300 ഹെക്ടർ സ്ഥലത്തിനാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്, 1977ന് മുൻപ് ഇവിടുത്തെ താമസക്കാരായിരുന്നു എന്ന കൈവശരേഖ മാത്രമാണ് ഇവർക്കുള്ളത്.

മുഴുവൻ വസ്തുക്കളും 113 എന്ന സർവേ നമ്പരിലാണ് ഉള്ളത്. പട്ടയമില്ലാത്തതിനാൽ വസ്തു വിൽക്കുന്നതിനും, പാരമ്പര്യമായി കൈമാറുന്നതിനും ഏറെ ബുദ്ധിമുട്ടാണ്. ബാങ്ക് വായ്പയും സർക്കാർ ആനുകൂല്യങ്ങളും ഇനിയും അകലെയാണ്.

ചോർന്നൊലിക്കാത്ത കൂരകളിൽ സ്വന്തം പേരിലുള്ള പട്ടയഭൂമിയിൽ അന്തിയുറങ്ങണം എന്ന ഇവിടുത്തുകാരുടെ ആഗ്രഹം മന്ത്രിതലത്തിൽ അറിയിച്ച് അടിയന്തര പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കും.

ജെ. അരുൺ ബാബു, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി