
കങ്കണ റണൗട്ട് ഒരു 'യോഗ എക്സ്പർട്ട് " കൂടിയാണെന്നത് പലർക്കും അറിയാത്ത ഒരു രഹസ്യമാണ്. ഏറെക്കാലമായി യോഗ അഭ്യസിക്കുന്ന താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച യോഗാഭ്യാസ ചിത്രം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.ജയലളിതയുടെ ബയോപിക്കായ തലൈവിക്ക് വേണ്ടി തടി കൂട്ടിയ താരം ശരീരഭാരം കുറയ്ക്കാനായാണ് വീണ്ടും യോഗാഭ്യാസ തുടങ്ങിയത്.

'തലൈവിക്ക് വേണ്ടി ഞാൻ ഇരുപത് കിലോയോളം ശരീരഭാരം കൂട്ടിയിരുന്നു. ഷൂട്ടിംഗ് ഏതാണ്ട് പൂർത്തിയാകാറായി.ഇനി എനിക്കെന്റെ പഴയ രൂപത്തിലേക്കെത്തണം." ഇൻസ്റ്റഗ്രാമിൽ കങ്കണ കുറിച്ചു.തടിവയ്ക്കാനായി 'ഹൃദ്യമായ" ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിന്റെ 'ത്രോ ബാക്ക് " ഫോട്ടോയും കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.'വെയിറ്റ്ഗെയിൻ കർനേ മേ മസാ ഹെ മസാ... വെയിറ്റ് ലോസ് മേ സസാ ഹെ സസാ.." എന്നാണ് ഫോട്ടോയ്ക്കൊപ്പം കങ്കണ കുറിച്ചിരിക്കുന്നത്. ശരീരഭാരം കൂട്ടുന്നത് രസമാണ്, കുറയ്ക്കുന്നത് ശിക്ഷയുമെന്ന് മലയാളം. യോഗയ്ക്കൊപ്പം ശരീരഭാരം കുറയ്ക്കാനായി രാവിലെ നടത്തവും ഓട്ടവും ശീലമാക്കിയെന്നും കങ്കണ പറയുന്നു.

കേന്ദ്ര സർക്കാരിന്റെ കാർഷിക നയത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച കർഷകരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തതിന്കർണാടക പൊലീസ് നടിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് കഴിഞ്ഞയാഴ്ചയാണ്. ധക്കഡ്, തേജസ് എന്നീ ആക്ഷൻ ചിത്രങ്ങളാണ് ഇനി കങ്കണയെ കാത്തിരിക്കുന്നത്. മുപ്പത്തിമൂന്നുകാരിയായ കങ്കണ ഫാഷനിലെ അഭിനയത്തിന് മികച്ച സഹനടിക്കും, ക്യൂൻ, തനു വെഡ്സ് മനു റിട്ടേൺസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുമുള്ള ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.