jose-k-mani

തിരുവനന്തപുരം: ഇടതുമുന്നണിയിൽ സമീപകാലത്തൊന്നും ഒരു കക്ഷിക്കും ആസ്വദിക്കാനാകാത്ത ആതിഥേയത്വത്തിന്റെ ഊഷ്മളത അനുഭവിച്ച് ജോസ് കെ.മാണി. ഇടതുമുന്നണിയിലേക്കുള്ള ഔപചാരികമായ വരവിന് മുന്നോടിയായി ജോസ് കെ.മാണിയെ ഏറ്റെടുക്കുകയാണെന്ന്, ഇന്നലെ രാവിലെ എ.കെ.ജി സെന്ററിൽ നൽകിയ വരവേൽപ്പും, എം.എൻ സ്മാരകത്തിലേക്ക് പോകാൻ വാഹനം വിട്ടുകൊടുത്തതും വഴി സി.പി.എം പ്രഖ്യാപിക്കുകയായിരുന്നു.

പുതുതായി മുന്നണിക്കൊപ്പം വരുന്ന കക്ഷികളെ തുടക്കത്തിൽ പുറത്തു നിറുത്തി സഹകരിപ്പിക്കുകയും , പിന്നീട് അകത്തേക്ക് വാതിൽ തുറന്നിടുകയും ചെയ്യുന്ന പതിവ് കേരള കോൺഗ്രസ്-എമ്മിന്റെ കാര്യത്തിൽ മാറ്റിമറിക്കാനൊരുങ്ങുകയാണ് സി.പി.എം നേതൃത്വം .

എ.കെ.ജി സെന്ററിലെ ഔദ്യോഗികാവശ്യത്തിനുപയോഗിക്കുന്ന കെ.എൽ 01 ബി.ആർ 4813 നമ്പർ കാറാണ് ജോസ് കെ.മാണിക്കും റോഷി അഗസ്റ്റിൻ എം.എൽ.എയ്ക്കുമായി വിട്ടുനൽകിയത്. ഡ്രൈവറെയും വിട്ടിരുന്നു.പാലായിൽ നിന്ന് സ്വന്തം വാഹനത്തിൽ തലസ്ഥാനത്തെത്തിയ ജോസ്, ഈ വാഹനത്തിൽ എം.എൻ സ്മാരകത്തിലെത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും തിരിച്ചെത്തി എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ടു.

സ്വീകരിച്ച് എം.എൻ സ്മാരകം

രാവിലെ പത്തരയോടെ എം.എൻ സ്മാരകത്തിലെത്തിയ ജോസ് കെ.മാണിയെയും റോഷി അഗസ്റ്റിനെയും ആദ്യം പാർട്ടി കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുമാണ് സ്വീകരിച്ചത്. തുടർന്ന് സെക്രട്ടറി കാനം രാജേന്ദ്രന്റെ ചേംബറിലെത്തി.

ഇടതുമുന്നണിക്കൊപ്പം നിൽക്കുന്നതിന് പിന്തുണയഭ്യർത്ഥിച്ചെത്തിയതാണെന്ന് ജോസ് കെ.മാണി പറഞ്ഞു. കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യം കാനം ഓർമ്മിപ്പിച്ചു. പാർട്ടിയിലെ പ്രവർത്തകരെയാകെ പാകപ്പെടുത്തിയെടുക്കാനാണ് രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുന്നതിന് കാലതാമസമുണ്ടായതെന്ന് ജോസ് പറഞ്ഞു. മുക്കാൽ മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

പതിനൊന്നരയോടെ എ.കെ.ജി സെന്ററിലെത്തി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിറുത്തി വച്ച് അംഗങ്ങൾ ജോസിനെ വരവേറ്റു. വീട്ടിൽ ക്വാറന്റൈനിലായതിനാൽ മുഖ്യമന്ത്രി ഇല്ലായിരുന്നു. അര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്ത് കവാടം വരെ കോടിയേരി ബാലകൃഷ്ണനും, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും ജോസിനെ അനുഗമിച്ച് നിറചിരിയോടെ യാത്രയാക്കി.

മുന്നണി പ്രവേശനം ഉടൻ പ്രതീക്ഷിക്കുന്നു

എത്രയും വേഗം ഇടതുമുന്നണി പ്രവേശനം പ്രതീക്ഷിക്കുന്നതായി ജോസ് കെ.മാണി വാർത്താലേഖകരോട് പറഞ്ഞു.. ഇടതുജനാധിപത്യ മുന്നണിയുമായി പ്രവർത്തിക്കാൻ തീരുമാനിച്ചതിനെ ഇടതുനേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പടക്കമുള്ള വിഷയങ്ങൾ പിന്നീട് മുന്നണിയായി ചർച്ച ചെയ്യും. എ.കെ.ജി സെന്ററിൽ നിന്നുള്ള വാഹനമുപയോഗിച്ചതിൽ കുഴപ്പമെന്താണെന്ന്, ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ജോസ് പ്രതികരിച്ചു.