
പ്രീമിയം തുക 6000 നടത്തിപ്പിനായി ടെൻഡർ ക്ഷണിച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ജനുവരിയിൽ ആരംഭിക്കും.
പദ്ധതിയിൽ ചേരുന്നവർക്കുള്ള വാർഷിക പ്രീമിയം 6000 രൂപയാണ്. വർഷം മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. പാർട്ട് ടൈം ജീവനക്കാർക്കും പങ്കാളിയാകാം. ഇതിന്റെ നടത്തിപ്പിനായി ധനവകുപ്പ് ടെൻഡർ ക്ഷണിച്ചു. ഏജൻസികൾക്ക് നവംബർ 25ന് 1 വരെ അപേക്ഷിക്കാം.
അടുത്ത മാസം 30ന് ഏജൻസിയെ തിരഞ്ഞെടുക്കും. നേരത്തെ റിലയൻസ് കമ്പനി മെഡിസെപ് നടത്തിപ്പിൽ നിന്ന് പിൻവാങ്ങിയിരുന്നു.
ആശുപത്രികളെ സഹകരിപ്പിക്കുന്നതിനായി പുതിയ ടെൻഡറിൽ ഓരോ രോഗത്തിനുമുള്ള ചികിത്സാ ചെലവും വർദ്ധിപ്പിച്ചിട്ടുണ്ട്.
1920 രോഗങ്ങൾക്ക് പരിരക്ഷ
പരിരക്ഷ ലഭിക്കുന്ന രോഗങ്ങളുടെ എണ്ണം 1920 ആക്കി. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചാലേ പരിരക്ഷ കിട്ടൂ. ഔട്ട് പേഷ്യൻസിന് ലഭിക്കില്ല.
ജീവനക്കാരന്റെ ഭാര്യയ്ക്കോ ഭർത്താവിനോ, 25 വയസ് കഴിയാത്ത അവിവാഹിതരായ മക്കൾ എന്നിവർക്ക് പരിരക്ഷ ലഭിക്കും.
പെൻഷൻകാരന്റെ ഭാര്യയ്ക്കോ ഭർത്താവിനോ ഇൻഷ്വറൻസ് കിട്ടും.
ജനറൽ വാർഡിന് 1000 രൂപ, സെമി പ്രൈവറ്റ് വാർഡിന് 1500 രൂപ, പ്രൈവറ്റ് വാർഡിന് 2000 രൂപ എന്നിങ്ങനെയാണ് നിരക്ക് അധികമായാൽ രോഗി നൽകണം.
ഇൻഷ്വറൻസ് തുകയായ മൂന്ന് ലക്ഷം രൂപ രണ്ട് ഭാഗമായി തിരിക്കും. ഒന്നര ലക്ഷം രൂപ ഉപയോഗിച്ചില്ലെങ്കിൽ ലാപ്സാവും. ശേഷിക്കുന്ന ഒന്നരലക്ഷം ഉപയോഗിച്ചില്ലെങ്കിൽ അടുത്ത രണ്ടു വർഷത്തേക്ക് മാറ്രിക്കിട്ടും.
ഗുരുതരമായ അസുഖം വന്നവർക്ക് അധികതുക ലഭിക്കും.
അഡിഷണൽ പാക്കേജ്
കരൾ മാറ്റിവയ്ക്കൽ - 18 ലക്ഷം
അസ്ഥി മജ്ജ മാറ്റിവയ്ക്കൽ - 9.46 ലക്ഷം
കോക്ലിയർ ഇംപ്ലാന്റേഷൻ - 6.39 ലക്ഷം
വൃക്ക മാറ്റിവയ്ക്കൽ - 3 ലക്ഷം
മുട്ടു മാറ്റിവയ്ക്കൽ - 3 ലക്ഷം
ഇടുപ്പു മാറ്റിവയ്ക്കൽ - 4 ലക്ഷം
മസ്തിഷ്ക ശസ്ത്രക്രിയ - 18.24 ലക്ഷം
ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ - 15 ലക്ഷം
ഡേറ്ര സംരക്ഷിക്കണം
സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 10 ലക്ഷത്തോളം പേർക്കായി മെഡിസെപ് നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഡേറ്രാ ബേസ് സംരക്ഷിക്കാൻ നിയമപരമായ വ്യവസ്ഥകൾ ഉണ്ടായിരിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു.
ജീവനക്കാരും പെൻഷൻകാരുമായി പത്ത് ലക്ഷത്തോളം പേർ വരും. അവരുടെ കുടുംബാംഗങ്ങളായി മൊത്തം 30 ലക്ഷം പേരുടെയെങ്കിലും ഡേറ്ര സ്വകാര്യ കമ്പനിക്ക് ലഭിക്കും. എന്നാൽ ഡേറ്റ ചോരാതിരിക്കാൻ പ്രത്യേക പ്ളാറ്റ്ഫോം ഉണ്ടാക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്.