കൊച്ചി: ഫലപ്രദമായ ദുരന്തനിവാരണത്തിനും ലഘൂകരണത്തിനും സമൂഹത്തെ ശാക്തീകരിക്കേണ്ടത് നിർണായകമാണെന്ന് വിദഗ്ദ്ധ അഭിപ്രായം. ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സി.പി.പി.ആർ) ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ 'ദുരന്തങ്ങൾ തയ്യാറെടുപ്പും നേരിടലും സമൂഹത്തിന് ഒരു കൈപുസ്തകം പ്രകാശനം ചെയ്ത് ചടങ്ങിലാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ ഇക്കാര്യം വ്യക്തമാക്കിയത്.
'അമേരിക്ക വിത്ത് കേരള' പദ്ധതിയുടെ പ്രധാന ഫലമാണ് ഈ കൈപുസ്തകമെന്നും യു.എസ് -ഇന്ത്യ ബന്ധവും, ദുരന്തനിവാരണ മേഖലയിലെ സഹകരണവും മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായിക്കുമെന്നും യു.എസ് കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്‌സ് ഓഫീസർ ആൻ ലീ ശേഷാദ്റി പറഞ്ഞു. 2019 ജൂൺ മുതൽ ഒക്ടോബർ വരെ ദുരന്തതയ്യാറെടുപ്പുകളും കൈകാര്യം ചെയ്യലും, എന്നീ ആശയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിവിധ ശില്പശാലകളിൽ നിന്നും ബോധവത്കരണ പരിപാടികളിൽ നിന്നുമുള്ള ആശയങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ സി.പി.പി.ആർ വെബ്സൈറ്റിൽ ലഭ്യമാണ്.
പുസ്തകപ്രകാശനത്തെ തുടർന്ന് 'സമൂഹ കേന്ദ്രീകൃതമായ ദുരന്ത ലഘൂകരണ പ്രക്രിയയിൽ ബഹുവിധ ദുരന്ത സമീപനത്തിന്റെ ആവശ്യകത' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച സി.പി.പി.ആർ ചെയർമാൻ ഡോ. ഡി ധനുരാജ് മോഡറേറ്റ് ചെയ്തു. ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയുടെ ദുരന്തസാദ്ധ്യത ലഘൂകരണ മേധാവി ഡോ മുരളി തുമ്മാരുകുടി, കേരള സെന്റർ ഫോർ മിറ്റിഗേഷൻ ആൻഡ് ഇൻക്ലൂസിവ് ഡവലപ്‌മെന്റ് ഡയറക്ടർ ബോർഡ് ഓണററി ചെയർപേഴ്‌സൺ ഡോ. നിവേദിത പി ഹരൻ, കെ.എസ്.ഡി.എം.എ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്,വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹസാഡ് മിറ്റിഗേഷൻ ആൻഡ് പ്ലാനിംഗ് സഹഡയറക്ടർ ഡോ. ഹിമാൻഷു ഗ്രോവർ എന്നിവർ സംസാരിച്ചു.