
തിരുവനന്തപുരം: നിയമസഭയിൽ ആഗസ്റ്റ് 24ന് നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്ന വിപ്പ് ലംഘിച്ച പി.ജെ. ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന പരാതിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇരുവർക്കും നോട്ടീസ് അയച്ചു. കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിനാണ് പരാതി നൽകിയത്. നിയമസഭാകക്ഷി വിപ്പെന്ന നിലയിൽ തന്റെ വിപ്പ് ഇരുവരും ലംഘിച്ചെന്നാണ് റോഷി അഗസ്റ്റിന്റെ പരാതി.
എന്നാൽ വിപ്പ് താനാണെന്ന് കാട്ടി മറുപക്ഷത്തെ മോൻസ് ജോസഫും സ്പീക്കർക്ക് പരാതി നൽകി. അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ പ്രതിപക്ഷത്തെ അനുകൂലിക്കണമെന്ന തന്റെ വിപ്പ് റോഷി അഗസ്റ്റിനും പ്രൊഫ.എൻ.ജയരാജും ലംഘിച്ചെന്നാണ് ഇതിൽ പറയുന്നത്.
അതേസമയം, അംഗീകരിക്കപ്പെട്ട വിപ്പ് റോഷി അഗസ്റ്റിനാണെന്നും അത് മാറ്റാൻ യോഗം ചേർന്നതായി അറിയില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. മറുപടികൾ കിട്ടിയ ശേഷം നിയമവശം പരിശോധിക്കും. നടപടി അനിശ്ചിതമായി നീട്ടരുതെന്ന് സുപ്രീംകോടതി നിർദ്ദേശമുള്ളതിനാൽ വേഗം തീരുമാനമെടുക്കും. ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റവുമായി നടപടിക്ക് ബന്ധമില്ല.
റോഷി പരാതി നൽകിയതിന്റെ പിറ്റേന്നാണ് മോൻസിന്റെ പരാതി ലഭിച്ചത്. രണ്ട് പേർക്കും പറയാനുള്ളത് കേൾക്കും. രേഖാമൂലമോ നേരിട്ടോ അഭിഭാഷകൻ വഴിയോ അഭിപ്രായം അറിയിക്കാം. തീരുമാനം ഏകപക്ഷീയമാകില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടിയും ചിഹ്നവും ഒരു വിഭാഗത്തിന് അനുവദിച്ചു. അത് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
റോഷിയുടെ പരാതി ആദ്യം ലഭിച്ചതിനാലാണ് അതിൽ ആദ്യം വിശദീകരണം തേടിയതെന്നും മോൻസിന്റെ പരാതിയിൽ അടുത്തയാഴ്ച മറ്റ് രണ്ട് പേർക്ക് നോട്ടീസ് പോകുമെന്നും സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു.
സ്പീക്കറുടേത് സ്വാഭാവിക നടപടി: പി.ജെ. ജോസഫ്
തൊടുപുഴ: നിയമസഭാ സ്പീക്കർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയാണെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. സ്പീക്കർ ആദ്യം ലഭിച്ച പരാതിയിൽ ആദ്യം നടപടി എടുത്തുവെന്നേയുള്ളൂ. തങ്ങളുടെ പരാതിയും ഉടൻ പരിഗണിക്കുമെന്നാണ് വിശ്വാസം. റോഷി അഗസ്റ്റിനാണ് വിപ്പെന്ന സ്‌പീക്കറുടെ നിലപാട് ശരിയല്ല. കെ.എം. മാണിയുടെ മരണശേഷം മോൻസ് ജോസഫാണ് വിപ്പെന്ന് സ്പീക്കറെ അറിയിച്ചിരുന്നു. ഇതനുസരിച്ച് സഭയിലെ ഇരിപ്പിടങ്ങളിൽ മാറ്റം വരുത്തിയിരുന്നു. സ്‌പീക്കറുടെ കത്ത് ലഭിച്ച ശേഷം മറുപടി നൽകും. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട്, ഹൈക്കോടതി നൽകിയ സ്റ്റേ എന്നിവയടക്കം പരിശോധിക്കേണ്ടതുണ്ട്. റോഷി അഗസ്റ്റിന്റെ പരാതി നിയമപരമായി നിലനിൽക്കില്ലെ അദ്ദേഹം പറഞ്ഞു.