
കൊച്ചി: ഭക്ഷ്യവസ്തുക്കളിലെ മായം ശാസ്ത്രീയമായി കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഫിലിം പൊതുജനങ്ങൾക്ക് സമർപ്പിച്ച് ലോക ഭക്ഷ്യദിനാചരണം വ്യത്യസ്തമാക്കുകയാണ് കേരള ഫിഷറീസ് സമുദ്റപഠന സർവകലാശാലയിലെ (കുഫോസ് ) ഫുഡ് സയൻസ് വിദ്ധ്യാർത്ഥികൾ. 1945 ൽ ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ രൂപീകരിച്ച ഒക്ടോബർ 16 ആണ് ലോകഭക്ഷ്യ ദിനമായി ആചരിക്കുന്നത്.
മുളക്, മല്ലി, തേൻ, നെയ്യ്, മഞ്ഞൾ പൊടി, വെളിച്ചണ്ണ തുടങ്ങി മലയാളിയുടെ അടുക്കളയിലെ നിത്യവിഭവങ്ങളെല്ലാം മായം കലർന്നതാണോ എന്ന് തിരിച്ചറിയുന്നത് എങ്ങിനെയെന്ന് വിശദമാക്കുന്നതാണ് എട്ട് മിനിട്ട് വിഡിയോ ഫിലിം. വീട്ടമ്മമാർക്ക് അടുക്കളയിൽ നിന്ന് പുറത്ത് പോകാതെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം അളക്കാനും മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടെത്താനും കഴിയുന്ന മാർഗങ്ങളാണ് ഫിലിമിൽ വിശദീകരിക്കുന്നത്. കുഫോസിലെ ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പ് എം.എസ്.സി ഫുഡ് സയൻസ് കോഴ്‌സിലെ മൂന്നാം സെമസ്റ്റർ വിദ്ധ്യാർത്ഥികളാണ് ഫിലിം തയ്യാറാക്കിയത്. ഫിലിമിന്റെ പ്രകാശനം കുഫോസ് വൈസ് ചാൻസലർ ടിങ്കു ബിശ്വാൾ നിർവഹിച്ചു. കുഫോസിന്റെ യൂട്യൂബ് ചാനലിൽ വീഡിയോ കാണാം. (http://youtu.b/xrPZHOL7cjQ)