mullappalli

തിരുവനന്തപുരം: ഘടകകക്ഷികളെ മുന്നണിയിൽ നിന്ന് പറഞ്ഞുവിടുന്ന നടപടി യു.ഡി.എഫിന്റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. യു.ഡി.എഫിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കക്ഷികൾക്ക് അർഹമായ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്.യു.ഡി.എഫിൽ കെ.എം.മാണിക്ക് രണ്ട് നീതിയായിരുന്നുവെന്ന ആക്ഷേപം ശരിയല്ല. എല്ലാവരും ഒറ്റക്കെട്ടായാണ് അദ്ദേഹത്തെ പിന്തുണച്ചത്. കെ.എം.മാണി തെറ്റുകാരനാണെന്ന് കോൺഗ്രസ് ഇന്നും വിശ്വസിക്കുന്നില്ല. അത്തരം ആക്ഷേപമുന്നയിച്ചതും മാണിസാറിനെ കടന്നാക്രമിച്ചതും സി.പി.എമ്മും ഇടതുമുന്നണിയുമാണ്.കെ.മുരളീധരൻ പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയെന്ന് വ്യാഖ്യാനിച്ചെടുക്കാനാവില്ല. പല ഘട്ടങ്ങളിൽ പാർട്ടി വിട്ടുപോയ ലീഡർ കെ. കരുണാകരനും മുരളീധരനുമടക്കമുള്ള സമുന്നത നേതാക്കളെ തിരികെ കൊണ്ടുവരാൻ കോൺഗ്രസെടുത്ത സമീപനം അദ്ദേഹത്തിന് മറക്കാനാവില്ല. ആരെയും പറഞ്ഞയയ്ക്കുന്ന സമീപനം കോൺഗ്രസിനില്ല.തെറ്റുതിരുത്തി വരുന്ന എല്ലാവരേയും സ്വീകരിച്ച പാരമ്പര്യമാണുള്ളത്. ഒരു പാർട്ടിയുടേയും ആഭ്യന്തരകാര്യങ്ങളിൽ കോൺഗ്രസ് ഇടപെടില്ല. ഏതെങ്കിലും കക്ഷി യു.ഡി.എഫിലേക്കു വരാൻ താത്പര്യം കാണിച്ചാൽ അത് അപ്പോൾ ചർച്ച ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.