navarathri

തിരുവനന്തപുരം: ആനയും ആഘോഷവും ഒഴിവാക്കി ആചാരത്തിന് ഭംഗം വരുത്താതെ നവരാത്രി വിഗ്രഹങ്ങൾ തലസ്ഥാന നഗരത്തിലെത്തി.

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ

വിഗ്രഹങ്ങളെ പല്ലക്കിൽ എഴുന്നള്ളിക്കുകയായിരുന്നു. നാളെ മുതൽ അക്ഷരപൂജ ആരംഭിക്കും.

തമിഴ്നാട്ടിലെ പദ്മനാഭപുരത്തുനിന്ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ച സരസ്വതിദേവി, കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക വിഗ്രഹങ്ങളെ ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എഴുന്നള്ളിച്ചു. കരമന ആവടിഅമ്മൻ കോവിലിൽ ഇറക്കിപൂജ നടന്നു. വൈകിട്ട് മൂന്നിന് ആഘോഷമില്ലെങ്കിലും ആചാരപരമായ എഴുന്നള്ളത്ത് കരമനയിൽ നിന്നാരംഭിച്ചു. വഴിയോരത്ത് ഭക്തർ പൂക്കൾ അർപ്പിച്ച് വരവേറ്റു.
സന്ധ്യയോടെ എഴുന്നള്ളത്ത് കോട്ടയ്ക്കകത്ത് പ്രവേശിച്ചു. വിഗ്രഹങ്ങൾക്കൊപ്പം കൊണ്ടുവന്ന ഉടവാൾ കന്യാകുമാരി ദേവസ്വം മാനേജർ മോഹനകുമാരനിൽ നിന്നു ശ്രീപദ്മനാഭസ്വാമി ക്ഷേത്രംസ്ഥാനി മൂലംതിരുനാൾ രാമവർമ ഏറ്റുവാങ്ങി. പദ്മതീർഥക്കുളത്തിലെ ആറാട്ടിന് ശേഷം സരസ്വതി ദേവിയെ നവരാത്രിമണ്ഡപത്തിലെ നല്ലിരുപ്പ് മുറിയിൽ പൂജയ്ക്കിരുത്തി. ഇന്ന് രാവിലെ നവരാത്രി മണ്ഡപത്തിൽ പൂജ വയ്ക്കുമ്പോൾ ഉടവാളും സമർപ്പിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വലംവച്ച ശേഷം കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലേക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലേക്കും പൂജയ്ക്കിരുത്താൻ കൊണ്ടുപോയി.

കവടിയാർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരി പാർവതിബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി, അവിട്ടം തിരുനാൾ ആദിത്യവർമ, നവരാത്രി ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ ആർ. രാജരാജവർമ, സെക്രട്ടറി ഡി. വെങ്കിടേശ അയ്യർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 ഏഴാം നാൾ ദുർഗാഷ്ടമി
തുലാം ഒന്നാം തീയതിയായ ഇന്ന് തുടങ്ങുന്ന നവരാത്രിക്ക് ചില പ്രത്യേകതകളുണ്ട്. ഏഴാം ദിവസമാണ് (23ന്) ദുർഗാഷ്ടമി. അന്ന് പൂജവച്ചാൽ തുടർന്നുള്ള രണ്ട് ദിവസങ്ങൾ മഹാനവമിയാണ്. 26ന് പൂജയെടുപ്പും വിദ്യാരംഭവും.തുടർന്ന് വൈകിട്ട് പൂജപ്പുര സരസ്വതി മണ്ഡപത്തിലേക്ക് കുമാരസ്വാമിയെ എഴുന്നള്ളിച്ച് പള്ളിവേട്ട നടത്തും. 27ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. 28ന് രാവിലെ പദ്മനാഭപുരത്തേക്ക് മടക്കയാത്ര. 30ന് വൈകിട്ട് മാതൃക്ഷേത്രങ്ങളിലെത്തും.