
വെള്ളറട: മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ റബർ ടാപ്പിംഗ് പ്രതിസന്ധിയിൽ. ഏറെ നാളുകൾക്ക് ശേഷം ടാപ്പിംഗ് ആരംഭിക്കാനിരുന്ന കർഷകരെ വലച്ച് ശക്തമായി തുടരുന്ന മഴയാണ് വില്ലനാകുന്നത്. പല സ്ഥലങ്ങളിലും ടാപ്പിംഗ് നടന്നിട്ട് മാസങ്ങൾ പിന്നിട്ടു. ഉത്പാദന ചെലവിന് ആനുപാതികമായുള്ള വിലപോലും ലഭിക്കാത്ത അവസ്ഥയാണെന്നാണ് കർഷകർ പറയുന്നത്. ചെറുകിട കർഷകരെയാണ് പ്രതിസന്ധി ഏറെ ബാധിച്ചത്. തൊഴിലാളിക്ക് കൂലികൊടുത്ത് ടാപ്പിംഗ് നടത്തിയാൽ കർഷകന് ആദായമില്ലാത്ത അവസ്ഥയാണ്. കച്ചവടക്കാരെയും പ്രതിസന്ധി ബാധിക്കുന്നുണ്ട്. മാർക്കറ്റിൽ ദിനംപ്രതി വിലയിലുണ്ടാകുന്ന വ്യത്യാസമാണ് ഇവരെ വലയ്ക്കുന്നത്. ടൺ കണക്കിന് റബർ വാങ്ങി സ്റ്റോക്ക് ചെയ്യുന്നവർക്ക് വിലയിലുണ്ടാകുന്ന കുറവുകാരണം ലക്ഷങ്ങളാണ് നഷ്ടം വരുന്നത്. പ്രതിസന്ധി മറികടക്കാൻ മാർക്കറ്റ് വിലയേക്കാൾ കുറച്ചാണ് പലരും റബർ സംഭരിക്കുന്നത്. ഇതും കർഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നമാണ്.
സംഭരണ കേന്ദ്രങ്ങളും ഇല്ല
ജില്ലയിലെ പ്രധാന റബർ ഉത്പാദന കേന്ദ്രമായ വെള്ളറട ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ സർക്കാരിന്റെ ഉടമസ്ഥതയിൽ റബർ വാങ്ങി സംഭരിക്കുന്നതിനുള്ള സ്ഥാപനങ്ങളോ സംവിധാനങ്ങളോ നിലവിലില്ലാത്തതും കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. ഇതുകാരണം കച്ചവടക്കാർ പറയുന്ന വിലയ്ക്ക് കച്ചവടം നടത്തേണ്ട ഗതികേടിലാണ് കർഷകർ. ലാഭമില്ലാത്തതിനാൽ പല കർഷകരും റബർ ടാപ്പിഗ് ഉപേക്ഷിച്ചു. പല സ്ഥലങ്ങളിലും പുരയിടങ്ങൾ മറ്റ് കൃഷികൾക്കായി ഉപയോഗിക്കുകയാണ്.