
തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവർക്ക് 64 സൗജന്യ രോഗനിർണയ പരിശോധന ലഭ്യമാക്കാൻ സർക്കാർ തീരുമാനം. ആദ്യഘട്ടത്തിൽ 300 കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് പരിശോധന ലഭ്യമാക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 282 കുടുംബാരോഗ്യ കേന്ദ്രങ്ങളും 18 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളുമാണ് പദ്ധതിയിലുള്ളത്. ഇതിനായി കെ.എം.എസ്.സി.എൽ മുഖേന 18.40 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.
നിലവിൽ ഗർഭിണികൾ, 18 വയസിന് താഴെയുള്ളവർ, ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവർ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്കാണ് സൗജന്യ സേവനം ലഭിക്കുന്നത്. ഹീമോഗ്ലോബിൻ, ടോട്ടൽ ലൂക്കോസൈറ്റ്, പ്ലേറ്റ്‌ലെറ്റ് കൗണ്ട്, ബ്ലഡ് ഗ്രൂപ്പ്, ബ്ലീഡിംഗ് ടൈം, ക്ലോട്ടിംഗ് ടൈം, യൂറിൻ ടെസ്റ്റുകൾ, ഡെങ്കു ടെസ്റ്റ്, ഹെപ്പറ്റെറ്റിസ് ബി, ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, ടോട്ടൽ കൊളസ്‌ട്രോൾ, സിറം ടെസ്റ്റുകൾ, ടിബി ടെസ്റ്റ്, ന്യൂ ബോൺ സ്‌ക്രീനിംഗ് തുടങ്ങി ചെറുതും വലുതുമായ 64 പരിശോധനകളാണ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെയും സൗജന്യ പരിശോധന ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.