
ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ മാർക്കറ്റുകളുടെയും അറവുശാലകളുടെയും നവീകരണത്തിനായി കിഫ്ബിയിൽ സമർപ്പിച്ച പദ്ധതികളിൽ രണ്ടെണ്ണത്തിന് അംഗീകാരം നൽകിയതായി അഡ്വ. ബി. സത്യൻ എം.എൽ.എ അറിയിച്ചു. കിളിമാനൂർ പുതിയകാവ് മാർക്കറ്റിൽ ആധുനിക വാണിജ്യ സമുച്ചയം നിർമ്മിക്കാൻ 2.99 കോടി രൂപ അനുവദിച്ചു. ഫിഷറീസ് വകുപ്പുമായി ചേർന്ന് നടത്തുന്ന പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണത്തിന് തുക അനുവദിക്കുക. 8,400 സ്ക്വയർ ഫീറ്റിലാണ് പുതിയ സമുച്ചയം നിർമ്മിക്കുക. 2400 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 19 മത്സ്യ മാംസ വ്യാപാര സ്റ്റാളുകളും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടൊയ്‌ലെറ്റുകളും നിർമ്മിക്കും. 6000 സ്ക്വയർ ഫീറ്റിൽ 17 സ്റ്റാളുകളിലായി ചെറുകിട വ്യാപാരികൾക്ക് സൗകര്യം ഒരുക്കി നൽകും. ഓഫീസ് റൂം, സെക്യൂരിറ്റി ക്യാബിൻ എന്നിവയും ഉണ്ടാക്കും. ഭാവിയിൽ ഉണ്ടാകാവുന്ന വികസനത്തിന് കൂടി അവസരം നൽകുന്ന തരത്തിലാണ് രൂപകല്പന. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ആറ്റിങ്ങലിൽ ആധുനിക അറവുശാല നിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 4.96 കോടി രൂപയുടെ നവീകരണത്തിന് അനുമതി ലഭിച്ചു. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഫാമിംഗ് ആൻഡ് ഫുഡ് പ്രോസസിംഗ് എന്ന ഏജൻസിയാണ് ഇതിനായി വിശദമായ മാർഗരേഖ തയ്യാറാക്കിയത്. നിർവഹണ ചുമതല ഇമ്പാക്ട് കേരള എന്ന് ഏജൻസിക്കാണ്. പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ പട്ടണത്തിൽ 1.15 ഏക്കർ സ്ഥലത്ത് ആധുനിക നിലവാരത്തിലുള്ള സംവിധാനങ്ങളടങ്ങിയതും ശാസ്ത്രീയ സജ്ജീകരണങ്ങളോടെയാണ് അറവുശാല നിർമ്മിക്കുന്നത്.