
മലകയറ്റത്തിൽ സർക്കാരിനും ബോർഡിനും രണ്ട് അഭിപ്രായം
തിരുവനന്തപുരം: ശബരിമല ദർശനത്തിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് തെളിയിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റും വേണമെന്ന സർക്കാർ നിർദ്ദേശത്തിൽ അവ്യക്തതയുള്ളതിനാൽ ഭക്തർ വലയുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്. എന്നാൽ സർട്ടിഫിക്കറ്റ് ഏത് ഡോക്ടറിൽ നിന്നു വാങ്ങണമെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം എല്ലാ ഭക്തർക്കും ഇത് ആവശ്യമില്ലെന്നും 60നും 65വയസിനും ഇടയിൽ പ്രായമുള്ളവർ മാത്രം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരുതിയാൽ മതിയെന്നുമാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പിനും കൃത്യമായ ധാരണയില്ല. ഇതോടെ വെർച്വൽ ക്യൂ സംവിധാനം വഴി പാസെടുത്ത ഭക്തർ സർട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുകയാണ്. സാഹചര്യം മുതലെടുത്ത് സർട്ടിഫിക്കറ്റിന്റെ പേരിൽ കൊള്ളയടിക്കാൻ സ്വകാര്യ ആശുപത്രികളും രംഗത്തുണ്ട്.
ഇന്ന് രാവിലെ മുതൽ ദർശനത്തിന് എത്താൻ പാസെടുത്തവർ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിൽ എത്തി. മലകയറാനുള്ള ശേഷി പരിശോധിക്കാനുള്ളതിനാൽ ഹൃദയത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന ട്രെഡ്മിൽ ടെസ്റ്റ് (ടി.എം.ടി) ഉൾപ്പെട നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് വേണ്ടതിനാൽ 6000 രൂപവരെ വാങ്ങിയ ആശുപത്രികളുമുണ്ട്.
കൊവിഡ് നെഗറ്റീവ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന ഭക്തരെ മാത്രം മലകയറാൻ അനുവദിച്ചാൽ മതിയെന്ന നിർദേശമാണ് ഡി.ജി.പിയും പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.
പ്രായത്തിന്റെ കാര്യത്തിലും ഉറപ്പില്ല
10വയസിൽ താഴെയുള്ള കുട്ടികളെയും 60കഴിഞ്ഞവരെയും മലകയറാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിർദേശം. എന്നാൽ 65വയസുവരെയുള്ള ഭക്തരെ അനുവദിക്കാമെന്നും 60 കഴിഞ്ഞവർക്ക് മാത്രം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെന്നുമാണ് ബോർഡിന്റെ നിലപാട്.
ദർശനത്തിനെത്തുന്നവരിൽ കൊവിഡ് വന്നുപോയവരും ഉണ്ടാകും. കൊവിഡിന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ ചിലത് മലകയറുന്ന ഘട്ടത്തിലുണ്ടാകും. അതില്ലെന്ന് ഉറപ്പാക്കണം. രോഗമൊന്നുമില്ലാത്തവരായാലും കൊവിഡ് കാലത്ത് വീടുകളിൽ കഴിഞ്ഞിരുന്നവർ പെട്ടെന്ന് മലകയറുമ്പോൾ ചില പ്രശ്നങ്ങളുണ്ടാകും. മലകയറുന്നവരുടെ സുക്ഷയ്ക്ക് വേണ്ടിയുള്ള നിബന്ധനയാണിത്.'
-മുഖ്യമന്ത്രി പിണറായി വിജയൻ
(വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്)
'65കഴിഞ്ഞവരെ ദർശനത്തിന് അനുവദിക്കില്ല. 60 കഴിഞ്ഞവർക്ക് മാത്രം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മതി.'
-എൻ.വാസു
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്