
കൊച്ചി: സ്വാമി വിവേകാനന്ദന് കൊച്ചിയിൽ വനവാസം. നഗരഹൃദയത്തിൽ കുട്ടികളുടെ പാർക്കിലാണ് വിവേകാനന്ദ പ്രതിമ അനാഥമായ നിലയിൽ സ്ഥാപിച്ചിരിക്കുന്നത്. എന്തിനും ഏതിനും കൊവിഡിനെ പഴിപറയാമെന്നൊരു ആനുകൂല്യമുള്ളതുകൊണ്ട് വിവേകാനന്ദസ്വാമിയുടെ വനവാസവും ആ ഗണത്തിൽപ്പെട്ടിരിക്കുകയാണ്. മഹാന്മാരുടെ പ്രതിമകൾ സ്ഥാപിക്കാൻ കാട്ടുന്ന ശുഷ്കാന്തി പിന്നീട് ഉണ്ടാവില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ആളും അനക്കവുമില്ലാതായതോടെ പാർക്ക് പൂർണമായും കാടുകയറിയ നിലയിലാണ്.
എല്ലാവർഷവും വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് പ്രതിമയ്ക്കുചുറ്റുമുള്ള കാടുതെളിക്കലും പുഷ്പാർച്ചനയും ഹാരർപ്പണവുമൊക്കെ നടത്താറുണ്ടെന്നതൊഴിച്ചാൽ പിന്നെയെല്ലാം തഥൈവ. എങ്കിലും നിത്യേന ആളുകൾ കയറിയിറങ്ങുന്നതുകൊണ്ട് വലിയതോതിൽ കളവളരാറില്ല. ഇപ്പോൾ പാർക്ക് അടച്ചിരിക്കുന്നതുകാരണം ആരും ഇവിടേക്ക് തിരിഞ്ഞുനോക്കാറുപോലുമില്ല. കൊവിഡ് കാലത്ത് പ്രവർത്തനം നിലച്ച നിരവധി സ്വകാര്യസംരംഭങ്ങളുണ്ട്. പക്ഷേ അതിനൊക്കെ മുതൽ മുടക്കിയവർക്ക് വേദനയുള്ളതുകൊണ്ട് യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്ത് സംരക്ഷിക്കുന്നുമുണ്ട്. അതേസമയം, പ്രവർത്തനം നിറുത്തിവച്ചിരിക്കുന്ന പല സർക്കാർ സംരംഭങ്ങളുടെയും അവസ്ഥ ഏറെ പരിതാപകരമാണ്. അതിൽ ഒന്നുമാത്രമാണ് നഗരത്തിലെ കുട്ടികളുടെ പാർക്കും അതിനുള്ളിലെ വിവേകാനന്ദസ്വാമിയുടെ പ്രതിമയും.