
നാഗർകോവിൽ: കളിയിക്കാവിളയ്ക്ക് സമീപം മലങ്കര കത്തോലിക്ക സഭയുടെ ഗസ്റ്റ് ഹൗസിലെത്തിയ മോഷ്ടാവ് പൊലീസ് പിടിയിലായി. തൂത്തുക്കുടി ചൂടംകുളം സ്വദേശി ഡാനിയേലാണ് (28) വ്യാഴാഴ്ച രാത്രി കളിയിക്കാവിള പൊലീസിന്റെ പിടിയിലായത്. ഇത് രണ്ടാം തവണയാണ് ഡാനിയേൽ ഈ ഗസ്റ്റ് ഹൗസിൽ മോഷണത്തിന് എത്തുന്നത്. ഇയാളുടെ പക്കൽ നിന്ന് 25000 രൂപയും ലാപ്ടോപ്പും മൊബൈൽ ഫോണും വെള്ളിമാലയും പിടിച്ചെടുത്തു. ഏതാനും ദിവസം മുൻപ് ഇതേ ഗസ്റ്റ്ഹൗസിൽ നിന്ന് 28000 രൂപയും ഫോണും ലാപ്ടോപ്പും വെള്ളിമാലയും മോഷണം പോയതായി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസ് പട്രോളിംഗിനിടെ ഡാനിയേൽ പിടിയിലാകുന്നത്. ഇതോടെയാണ് ആദ്യ മോഷണത്തിന്റെ കഥയും പുറത്തായത്. കളിയിക്കാവിള ഇൻസ്പെക്ടർ എഴിൽ അരസിയുടെ നിർദ്ദേശപ്രകാരം എസ്.ഐമാരായ രഘു ബാലാജി, കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.