
പത്തനാപുരം: സർവീസ് ലൈനിൽ നിന്ന് വൈദ്യുതക്കെണിയൊരുക്കി കാട്ടുപന്നിയെ വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കിയ സംഘത്തിലെ രണ്ടുപേരെ പത്തനാപുരത്തെ വനപാലകസംഘം പിടികൂടി. കേസിൽ ഉൾപ്പെട്ട മൂന്ന് പേർ ഒളിവിലാണ്. ഇറച്ചിയും കാട്ടുപന്നിയുടെ കുഴിച്ചുമൂടിയ അവശിഷ്ടങ്ങളും വേട്ടയാടിപ്പിടിക്കാൻ ഉപയോഗിച്ച ആയുധങ്ങളും പിടിയിലായവരിൽ നിന്ന് കണ്ടെത്തി. പത്തനാപുരം പിറവന്തൂർ പഞ്ചായത്തിലെ പുന്നല കല്ലാമുട്ടം ആശാരികൂപ്പ് ബിജുഭവനിൽ സന്തോഷ് (35), കല്ലാമുട്ടം ആശാരിക്കൂപ്പ് സ്നേഹാലയത്തിൽ വർഗീസ് (53) എന്നിവരാണ് പിടിയിലായത്. മറ്റ് പ്രതികളായ കല്ലാമുട്ടം ചെട്ടിയരിയത്ത് വീട്ടിൽ തോമസ് വർഗീസ് (60), അഭി ഭവനിൽ ദാമോദരൻ പിള്ള (49), കല്ലംകുഴി വീട്ടിൽ രാജൻ (53) എന്നിവർ ഒളിവിലാണ്. വ്യാഴാഴ്ച രാത്രിയിൽ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയതെന്ന് പത്തനാപുരം റേഞ്ച് വനപാലക സംഘം അറിയിച്ചു. സർവീസ് ലൈനിൽ നിന്ന് കണക്ഷൻ വലിച്ച് കെണിയുണ്ടാക്കി കാട്ടുപന്നിയെ കെണിയിലേക്ക് ഓടിച്ചുകയറ്റിയാണ് വേട്ടയാടിയത്. ഇറച്ചിയാക്കിയ ശേഷം കുഴിച്ചുമൂടിയ കാട്ടുപന്നിയുടെ തലയടക്കമുള്ള ഭാഗങ്ങൾ വനപാലകർ കണ്ടെത്തിയിട്ടുണ്ട്.