തിരുവനന്തപുരം: ദളിതർക്ക് സാമ്പത്തികവും സാമൂഹ്യവുമായി സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് നൽകാൻ ഇ.എം.എസിന്റെ കാലം മുതലുള്ള ഇടതു സർക്കാരുകൾ ശ്രമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണ സമാപനവും എസ്.സി, എസ്. ടി, പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ 20 പദ്ധതികളുടെ ഉദ്ഘാടനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരാണ് മനുഷ്യരെയാകെ ഒരുപോലെ കാണുന്നതെന്നും ആരാണ് തൊട്ടുകൂടായ്മയുടെ കാലത്തേക്ക് വലിച്ചിടുന്നതെന്നും വ്യക്തമായി അറിയണം.
ജാതിവെറിയുടെയും മതസ്‌പർദ്ധയുടെയും ഇരുണ്ടകാലത്തേക്ക് അധഃസ്ഥിത വിഭാഗങ്ങളെ തള്ളിയിട്ട് ചൂഷണം ചെയ്യാൻ ജാതീയ, വർഗീയ ശക്തികൾ മത്സരിക്കുകയാണ്. ഈ ശ്രമം തിരിച്ചറിയാൻ കഴിയണം. ആരാണ് ഒപ്പം നിന്നതെന്നും ആരാണ് ചതിച്ചതെന്നും മനസിലാക്കണം. ഈ തിരിച്ചറിവിൽ നിന്ന് വേണം ഓരോ സാമൂഹ്യ പക്ഷാചരണവും നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങൾക്ക് വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ഈ സർക്കാർ വന്നശേഷം പിന്നാക്ക വിഭാഗ കോർപറേഷന്റെ നേതൃത്വത്തിൽ രണ്ടു ലക്ഷം ഗുണഭോക്താക്കൾക്ക് 1931 കോടി രൂപയുടെ വായ്പ അനുവദിച്ചു. കോർപറേഷൻ രൂപീകൃതമായി നാളിതുവരെ വിതരണം ചെയ്തതിന്റെ 49 ശതമാനമാണ് ഈ തുക.
നൂറ് പട്ടികവർഗ യുവതീയുവാക്കൾക്ക് പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ പൊലീസിലും എക്‌സൈസ് വകുപ്പിലും ജോലി നൽകി. 1,32,000 പേർക്ക് ചികിത്സാസഹായം നൽകി. ആദിവാസി ഊരുകളിൽ 250 സാമൂഹ്യ പഠനമുറികൾ പൂർത്തിയായി. പട്ടികജാതി വിഭാഗങ്ങൾക്ക് വീടിനോടു ചേർന്ന് 12500 പഠനമുറികൾ നിർമ്മിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം 50 ശതമാനം ഉയർത്തി. 17177 ഭൂരഹിതർക്ക് വീട് വയ്ക്കാൻ സ്ഥലം അനുവദിച്ചു. 60,000ത്തിലധികം പട്ടികജാതി കുടുംബങ്ങൾക്ക് വീടു വച്ചു നൽകി -മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവർ സംബന്ധിച്ചു.