തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഭാഗമായി കോർപറേഷനിലെ സംവരണവാർഡുകളുടെ കാര്യത്തിൽ വ്യക്തത വന്നതോടെ രാഷ്ട്രീയകക്ഷികൾ ഒരുക്കങ്ങളിലേക്ക് കടന്നു. സ്ഥാനാർത്ഥിയാകാൻ തയ്യാറെടുത്തുനിന്നവർ ചർച്ചകൾ സജീവമാക്കി. മേയർ സ്ഥാനം വനിതാസംവരണമായതിനാൽ എല്ലാമുന്നണികളും പരിചയ സമ്പന്നരായ മുതിർന്ന വനിതാനേതാക്കളെ കളത്തിലിറക്കും. സിറ്റിംഗ് വാർഡുകൾ വനിതാ, പട്ടികജാതി സംവരണമായതോടെ പുരുഷന്മാർ സുരക്ഷിതമായ അയൽപക്ക വാർഡുകളിലേക്ക് എത്താൻ ശ്രമം തുടങ്ങി. നിലവിലെ വാർഡ് ജനറൽ ആയപ്പോൾ സീറ്റ് കൈവിട്ടുപോകാതെ ഉറപ്പിക്കാനുള്ള നീക്കങ്ങളുമായി വനിതകളും രംഗത്തുണ്ട്. ചരിത്രം ആവർത്തിച്ച് ഭരണം ഉറപ്പിക്കാൻ എൽ.ഡി.എഫ് തയ്യാറെടുക്കുമ്പോൾ കഴിഞ്ഞതവണ കൈവിട്ടുപോയ ഭരണം പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭരണവിരുദ്ധ വികാരങ്ങൾ വോട്ടാക്കിമാറ്റി അട്ടിമറി വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ്. മിക്കവാർഡുകളിലും മുന്നൊരുക്കൾ നേരത്തെ തുടങ്ങിയിരുന്നു. വാർഡുകളിൽ വിജയസാദ്ധ്യതയുള്ളവരുടെ പട്ടികയും പലയിടങ്ങളിലും തയ്യറാക്കി. ബി.ജെ.പി കഴിഞ്ഞ തിരഞ്ഞടുപ്പിൽ വൻകുതിച്ചുചാട്ടം നടത്തിയതിനാൽ സംസ്ഥാനം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിനാണ് തലസ്ഥാനത്ത് കളമൊരുങ്ങുന്നത്. കാലങ്ങളായി എൽ.ഡി.എഫ് ഭരിക്കുന്ന കോർപ്പറേഷനിൽ 2015ൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലായിരുന്നു. കൂടുതൽ സീറ്റുണ്ടായിരുന്ന ഇടതുമുന്നണി നൂൽപ്പാലത്തിലൂടെയാണ് കടന്നുപോയത്. നവംബർ 12വരെയാണ് നിലവിലെ ഭരണസമിതിയുടെ കാലാവധി. ഡിസംബറിലായിരിക്കും തിരഞ്ഞെടുപ്പ്.
2015ലെ നില ( 2010ലേത് ബ്രാക്കറ്റിൽ)
ആകെ 100 സീറ്റുകൾ
എൽ.ഡി.എഫ് 43 (51)
ബി.ജെ.പി 35, പാൽകുളങ്ങര
കൗൺസിലർ കൂറുമാറി (6)
കോൺഗ്രസ് 21 (40)
സ്വതന്ത്രൻ ഒന്ന് (മൂന്ന്)
കൗൺസിലറുടെ കൂറുമാറ്റവും കണക്കുകൂട്ടലും
ഇടതുപക്ഷത്തിന് ശക്തമായ വെല്ലുവിളിയായ ബി.ജെ.പിയിൽ നിന്ന് ഒരംഗത്തെ അടർത്തിയെടുത്തത് വലിയ നേട്ടമായി ഇടതുമുന്നണി കരുതുന്നു. പാൽകുളങ്ങര കൗൺസിലർ വിജയകുമാരി കൂടുമാറിവന്നത് ബി.ജെ.പിക്ക് തിരിച്ചടിയാണെന്നും ഇടതുപക്ഷം വിലയിരുത്തുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ പ്രമുഖ മേയർ സ്ഥാനാർത്ഥികൾ കൂട്ടതോൽവി ഏറ്റുവാങ്ങിയിരുന്നു. അതിനാൽ സ്ഥാനാർത്ഥി നിർണയത്തിൽ കൂടുതൽ ജാഗ്രത കാട്ടുകയാണ് ഇടതുമുന്നണി. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിൽ നിന്നും പരമാവധി വാർഡുകൾ സ്വന്തമാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. സ്ഥാനാർത്ഥി നിർണയത്തിലെ പരാജയവും പരസ്യമായ വിഴുപ്പലക്കലും തോൽവിക്ക് കാരണമായന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൃത്യമായ മുന്നൊരുക്കത്തോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണയം നടത്തി പ്രചാരണത്തിലേക്ക് കടക്കാനാണ് നീക്കം. ഇന്നു മുതൽ പാർട്ടികളുടെ ജില്ലാകമ്മിറ്റി ഓഫീസുകൾ സജീവമാകും.