
തിരുവനന്തപുരം: കൊവിഡിൽ പ്രതിസന്ധിയിലായ ചെറുകിട, വ്യവസായ യൂണിറ്റുകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ഉടൻ നേടാനുള്ള ഒാൺലൈൻ സംവിധാനമായ www.industry.kerala.gov.in മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
വ്യവസായ വായ്പയെടുത്ത 1.04 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വ്യവസായ വായ്പയായി വിവിധ ബാങ്കുകൾ 4,863.53 കോടിരൂപയാണ് സംസ്ഥാനത്ത് നൽകിയത്. പ്രത്യേക കാലയളവിലേക്ക് എടുക്കുന്ന ടേം ലോണിനും പ്രവർത്തന മൂലധന വായ്പയ്ക്കും കൊവിഡ് പാക്കേജിൽ പലിശ സബ്‌സിഡി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
2020 ഏപ്രിൽ ഒന്നുമുതൽ 2020 ഡിസംബർ 31 വരെ അധിക പ്രവർത്തന മൂലധനത്തിനോ അധിക ടേം ലോണിനോ അല്ലെങ്കിൽ രണ്ട് വായ്പയും കൂടിയോ എടുത്ത എം.എസ്.എം.ഇ യൂണിറ്റുകൾക്ക് ആറുമാസത്തെ പലിശയുടെ 50 ശതമാനം സബ്സിഡിയായി അനുവദിക്കും.
ഒരു വായ്പയ്ക്ക് പരമാവധി 30,000 രൂപയും രണ്ട് വായ്പയുണ്ടെങ്കിൽ 60,000 രൂപയുമാണ് സബ്സിഡി. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരമുള്ള എമർജൻസി ക്രെഡിറ്റ്‌ലൈൻ ഗാരന്റി സ്‌കീം വായ്പ ലഭിച്ചിട്ടുള്ള വ്യവസായങ്ങളും സബ്‌സിഡിക്ക് അർഹരാണ്. ആനുകൂല്യങ്ങൾക്കായി പുതിയ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷയുടെ നിലവിലെ അവസ്ഥയും ലോഗിൻ പേജിൽ കാണാം.