
തിരുവനന്തപുരം: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷം ഇന്ന് വൈകിട്ട് ആറിന് വീഡിയോ കോൺഫറൻസിലൂടെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിർവഹിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ തുടർ ദിവസങ്ങളിൽ പ്രഭാഷണങ്ങളും വെബിനാറുകളും നടക്കും.
ഇന്ന് രാവിലെ സംസ്ഥാന വ്യാപകമായി എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും രക്തപതാക ഉയർത്തും. കൊവിഡ് മാനദണ്ഡം പാലിച്ച് അഞ്ച് പേർ വീതം ഓരോ കേന്ദ്രത്തിലും പങ്കെടുക്കും. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും വെബിനാർ സംഘടിപ്പിക്കും.
1920 ഒക്ടോബർ 17ന് താഷ്കന്റിൽ രൂപീകൃതമായതാണ് സി.പി.എം ഔദ്യോഗികമായി കണക്കാക്കുന്നതെന്നും എന്നാൽ 1925ൽ കാൺപൂരിൽ ചേർന്ന സമ്മേളനത്തെയാണ് സി.പി.ഐ സ്ഥാപക സമ്മേളനമായി കണക്കാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച് ഞങ്ങൾ തമ്മിൽ തർക്കമുണ്ട്. അല്ലാതെ സ്ഥാനമാനങ്ങളെ ചൊല്ലിയല്ല ഇടതുമുന്നണിയിൽ തർക്കമുണ്ടാകാറെന്നും കോടിയേരി പറഞ്ഞു.