jose-k-mani-kodiyeri-bala

തിരുവനന്തപുരം: കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണി മാറ്റ തീരുമാനത്തിന് തൊട്ടുപിന്നാലെ,​ ഇരു മുന്നണികളിലും അസ്വാരസ്യങ്ങൾ പുകഞ്ഞു തുടങ്ങി.തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ ഈ പുക കെട്ടടങ്ങുമോ, ആളിക്കത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.ഇന്നലെ എ.കെ.ജി സെന്ററിലെത്തിയ ജോസ്കെ.മാണിയെ വെഞ്ചാമരം വീശിയാണ് സി.പി.എം

വരവേറ്റത്. ജോസ് വിഭാഗത്തിന്റെ വേഗത്തിലുള്ള ഇടതുമുന്നണി പ്രവേശനത്തിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. ജോസ് വിഭാഗത്തെ മുന്നണി ഘടകകക്ഷിയായി ഉൾപ്പെടുത്തണമെന്നതാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ പൊതുവികാരം. അതേ സമയം,പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഇന്നലെ കൊച്ചിയിൽ നടന്ന എൻ.സി.പി നേതൃയോഗം കൊക്കൊണ്ട തീരുമാനം പുത്തരിയിൽ കല്ലുകടിയായി. പാലാ കിട്ടിയില്ലെങ്കിൽ മാണി സി.കാപ്പനും കൂട്ടരും യു.ഡി..എഫിലേക്ക് ചാടിയേക്കുമെന്ന ഭീഷണിയും മുന്നണി നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു.ജോസ് കെ.മാണിയുടെ മുന്നണി മാറ്റത്തിനെതിരെ കെ.എം.മാണിയുടെ മരുമകൻ എം.പി.ജോസഫിന്റെ രംഗപ്രവേശവും ,കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ പാലായിൽ മത്സരിക്കാനും തയ്യാറെന്ന സൂചന നൽകിയതും തിരഞ്ഞെടുപ്പിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്..

ജോസിന്റെ വരവിനെ ഇനി എതിർക്കേണ്ടതില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയെങ്കിലും ഇന്നലെ പ്രതീക്ഷിച്ച കോടിയേരി- കാനം കൂടിക്കാഴ്ച നടന്നില്ല.മുഖ്യമന്ത്രി ക്വാറന്റൈനിലായതിനാൽ അതുകഴിഞ്ഞേ ഇനി ഇടതുമുന്നണി യോഗം ചേർന്ന് ജോസിന്റെ മുന്നണിപ്രവേശത്തിൽ തീരുമാനമുണ്ടാകൂ.

കോൺഗ്രസിൽ ആദ്യ വെടി പൊട്ടിച്ച് കെ. മുരളീധരൻ

ജോസ് കെ.മാണി യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലെത്തുന്നതിലേക്ക് വഴി തെളിച്ച സംഭവവികാസങ്ങളെച്ചൊല്ലി കോൺഗ്രസിൽ പുകയുന്നത് അതൃപ്തി..

ആദ്യ വെടി പൊട്ടിച്ചത് കെ. മുരളീധരനാണ്. യു.പി.എയ്ക്ക് സ്വന്തമാവേണ്ട രാജ്യസഭാ സീറ്റ് ആലോചനയില്ലാതെ കളഞ്ഞു കുളിച്ചതിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ഹൈക്കമാൻഡിലേക്കും പരാതികൾ പോയിട്ടുണ്ട്.

ജോസ് കെ.മാണി മുന്നണി വിട്ടതിന്റെ പഴി മുഴുവൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് മേൽ ചാരുകയാണ് മുരളീധരൻ. കെ. കരുണാകരന്റെ കാലത്ത് കക്ഷികളെ പിടിച്ചുനിറുത്താനാണ് ശ്രമിച്ചിരുന്നതെങ്കിൽ, ഇപ്പോൾ കക്ഷികളെ പുറത്താക്കാനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കെ. കരുണാകരനും മുരളീധരനും പാർട്ടി വിട്ടപ്പോൾ അവരെ മടക്കിക്കൊണ്ടുവന്ന് ഒന്നിച്ചുനിറുത്തിയ പാർട്ടിയാണിതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരിച്ചടിച്ചു.വേണ്ടത്ര ചർച്ചകളില്ലാതെ മൂന്ന് പേർ കൂടിയിരുന്നെടുക്കുന്ന തീരുമാനത്തിനെതിരെ പാർട്ടിയിൽ ഉയരുന്ന അതൃപ്തിക്ക് തടയിടാനും ,ജോസ് പക്ഷം മുന്നണി വിട്ടത് പ്രശ്നമല്ലെന്ന് വരുത്താനുമുള്ള നീക്കം കോൺഗ്രസ് നേതൃത്വവും ആരംഭിച്ചു. കെ.എം. മാണിയുടെ മരുമകൻ എം.പി. ജോസഫിനെത്തന്നെ രംഗത്തിറക്കിയത് ഇതിന്റെ ഭാഗമായി കാണാം..

കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് വെള്ളിത്താലത്തിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേളയിൽ വച്ചുനീട്ടിയാണ് ,മുന്നണിയിൽ മാണിയെ തിരിച്ചെത്തിച്ചത്. അതിനെതിരെ അന്നേ പാർട്ടിയിൽ ഉയർന്ന പ്രതിഷേധം ശരിയായിരുന്നുവെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. .നിയമസഭാ തിരഞ്ഞെടുപ്പിന് ഏഴ് മാസം ബാക്കിയിരിക്കെ, ജോസ് ഒഴിഞ്ഞ രാജ്യസഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ വിജയം ഇടതുമുന്നണിക്കാവും.