nh-road

നെയ്യാറ്റിൻകര: ദേശീയപാതയിലെ അപകടക്കുഴികൾ നികത്താത്ത നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ മരങ്ങൾ നട്ട് പ്രതിഷേധിച്ചു. നെയ്യാറ്റിൻകര ടൗൺ മുതൽ മൂന്നുകല്ലിൻമൂട് വരെയുള്ള ഭാഗത്ത് രൂപപ്പെട്ടിട്ടുള്ള കുഴികൾ നികത്താത്തതിനെതിരെയായിരുന്നു പ്രതിഷേധം. അടുത്ത കാലത്ത് റോഡിന്റെ പല ഭാഗത്തും രൂപപ്പെട്ടിട്ടിരുന്ന കുഴികളും നികത്തിയെങ്കിലും ടൗണിലും പരിസര പ്രദേശത്തുമുള്ള കുഴികളുടെ കാര്യം ദേശീയപാത അധികൃതർ അവഗണിക്കുകയായിരുന്നു.

നെയ്യാറ്റിൻകര ഹനുമാൻ ക്ഷേത്രത്തിന് സമീപത്ത് റോഡിന്റെ ഒരുവശം പകുതിയിലധികം തകർന്ന നിലയിലാണ്. മഴക്കാലത്ത വൻ അപകടക്കെണിയാണ് ഇവിടെയുള്ളത്. കൊടുംവളവുകൾക്കും ഇടുങ്ങിയ പാലത്തിനും ഇടയ്ക്കുള്ള തിരക്കേറിയ ഭാഗത്താണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. നെയ്യാറ്റിൻകര നഗരസഭ ഓഫീസിനും പി.ഡബ്ളിയു.ഡി ഓഫീസിനും ഇരുനൂറ് മീറ്റർ അകലെയാണ് ഈ ദുരവസ്ഥ. ഇത് പരിഹരിക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.