
തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പലപ്പോഴായി നൂറു മണിക്കൂറിലേറെ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശ
ങ്കറിനെ കസ്റ്റംസ് വീട്ടിലെത്തി നിർബന്ധപൂർവം കസ്റ്റഡിയിലെടുത്തു. കാറിൽ കയറ്റി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇ.സി.ജിയിൽ വ്യതിയാനം കാണുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്തതിനെ തുടർന്ന് കാർഡിയാക് ക്രിട്ടിക്കൽ യൂണിറ്റിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് എൻ.ഐ.എ സംഘവും ആശുപത്രിയിലെത്തി. ഇന്ന് ആൻജിയോഗ്രാം ചെയ്യണമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ആരോഗ്യനില അറിയിക്കണമെന്ന നിർദേശം നൽകി കസ്റ്റംസ് സംഘം മടങ്ങി. നിരീക്ഷണത്തിനായി രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്കു പുറമെ ഐ.ബി സംഘവും ആശുപത്രിയിൽ തങ്ങുന്നുണ്ട്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
ഇന്നലെ വൈകിട്ട് ആറിന് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നാലുമണിക്ക് ശിവശങ്കറിന് കസ്റ്റംസ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു. മൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് ചട്ടം 108 പ്രകാരമുള്ള നോട്ടീസിലെ ക്രൈം നമ്പർ കൃത്യമല്ലെന്ന് ശിവശങ്കർ തർക്കിച്ചു. പുതിയ കേസാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ മറുപടി നൽകി. പിന്നീട് ഫോണിൽ വിളിച്ച് തനിക്ക് സുഖമില്ലെന്നും ഹാജരാകാൻ കഴിയില്ലെന്നും ശിവശങ്കർ അറിയിച്ചു.
എന്നാൽ, അഞ്ചരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പൂജപ്പുരയിലെ വസതിയിലെത്തി ഒപ്പം വരണമെന്ന് നിർദ്ദേശിച്ചു. സ്വന്തം കാറിൽ വരാമെന്ന് അറിയിച്ചെങ്കിലും കസ്റ്റംസ് അനുവദിച്ചില്ല. എയർ കാർഗോ വിഭാഗത്തിന്റെ കെ.എൽ 7 എ.സി 2711 അംബാസിഡർ കാറിൽ അദ്ദേഹത്തെ കയറ്റി. കാർ ജഗതിയിലെത്തിയപ്പോൾ നെഞ്ചുവേദനയുണ്ടെന്നും രക്തസമ്മർദ്ദം ഉയരുന്നുണ്ടെന്നും ശിവശങ്കർ പറഞ്ഞു. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാൻ തുനിഞ്ഞെങ്കിലും ഭാര്യ ഡോക്ടറായി ജോലിചെയ്യുന്ന പി.ആർ.എസ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഭാര്യയെ വിവരമറിയിച്ചശേഷം അതേ കാറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ ഭാര്യ ഡോ.ഗീത ആശുപത്രിയിലെത്തി.
അറസ്റ്റ് ഭയന്നു
കസ്റ്റംസും എൻ. ഐ.എയും പിന്നാലെ എൻഫാേഴ്സ് മെന്റ് ഡയറക്ടറേറ്റും പലവട്ടം രാപകൽ ചോദ്യം ചെയ്തപ്പോഴെല്ലാം അക്ഷോഭ്യനായിരുന്ന ശിവശങ്കർ ഇന്നലെ
കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾത്തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്നു. ഇക്കാര്യം
കൊച്ചിയിലെ അഭിഭാഷകനെ ഫോണിൽ അറിയിക്കുകയും ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ അദ്ദേഹം ഹൈക്കോടതിയിൽ മുൻകൂർജാമ്യാപേക്ഷ നൽകുകയും 23വരെ അറസ്റ്റ് തടയുന്ന ഉത്തരവ് നേടുകയും ചെയ്തിരുന്നു.
രക്തസമ്മർദ്ദത്തിന് ഗുളിക വാങ്ങിത്തരൂ- കസ്റ്റംസിനോട് ശിവശങ്കർ
തിരുവനന്തപുരം: പൂജപ്പുരയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കസ്റ്റംസിന്റെ കാറിൽ സെക്രട്ടേറിയറ്റിനടുത്തെ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുവരവേ ജഗതിയിൽ വച്ചാണ് ശിവശങ്കറിന് നെഞ്ചുവേദനയുണ്ടായത്. കടുത്ത പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിത്സയിലാണ് താനെന്ന് കസ്റ്റംസിനോട് ശിവശങ്കർ പറഞ്ഞു. രക്തസമ്മർദ്ദത്തിനുള്ള ഗുളിക വാങ്ങി നൽകാൻ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ശിവശങ്കർ ആവശ്യപ്പെട്ടു. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കസ്റ്റംസ് ശ്രമിച്ചപ്പോൾ, ഭാര്യ ഡോക്ടറായി ജോലിചെയ്യുന്ന പി.ആർ.എസിലേക്ക് കൊണ്ടുപോകാൻ ശിവശങ്കർ ആവശ്യപ്പെട്ടു. ഇതോടെ കസ്റ്റംസ് വാഹനത്തിൽ അദ്ദേഹത്തെ പി.ആർ.എസിലെത്തിക്കുകയായിരുന്നു.