
പാറശാല: പാറശാലയിലെ ഗവൺമെന്റ് വെറ്ററിനറി പോളി ക്ലിനിക്കിന്റെ പ്രവർത്തനം 24 മണിക്കൂറായി ദീർഘിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ 'ശോഭനം 2020' പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ ഏറ്റവും തിരക്കേറിയ മൃഗാശുപത്രികളിൽ ഒന്നായ ക്ലിനിക്കിന്റെ പ്രവർത്തനം 24 മണിക്കൂറായി ദീർഘിപ്പിച്ചത്.ഇന്ന് മുതൽ സീനിയർ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള മൂന്ന് ഡോക്ടർമാരുടെയും രണ്ടു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം ഉണ്ടായിരിക്കും.രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 വരെയും ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയും രാത്രി 8 മുതൽ അടുത്ത ദിവസം രാവിലെ 8 മണി വരെയും 3 ഷിഫ്റ്റുകളായിട്ടാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര താലൂക്കിലെ 18 പഞ്ചായത്തുകളിലെ കർഷകർക്ക് ഈ സ്ഥാപനത്തിന്റെ 24 മണിക്കൂർ സേവനം ലഭ്യമാകുന്നതാണ്.പുതിയ രീതിയിലുള്ള പ്രവർത്തനത്തിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഓൺലൈനിലൂടെ നിർവഹിച്ചു.തുടർന്ന് പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വി.ആർ. സലൂജ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ആര്യദേവൻ,എസ്.സതീഷ് തുടങ്ങിയവർ പങ്കെടുത്തു.