തിരുവനന്തപുരം: പൂജപ്പുര സരസ്വതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ക്രമീകരണം വിലയിരുത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്, ആചാരപ്രകാരം സരസ്വതീ മണ്ഡപത്തിലെ ഉത്സവം നടത്തുന്നതിന് തീരുമാനമായി. കലാപരിപാടികളും മണ്ഡപ മൈതാനത്തിലെ അമ്യൂസ്‌മെന്റ് പാർക്കും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ വിദ്യാരംഭം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ഗുരുക്കന്മാരെ ഒഴിവാക്കുകയും കുട്ടികൾ അവരവരുടെ മാതാപിതാക്കളുടെ മടിയിലിരുന്ന് വിദ്യാരംഭം കുറിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കാവടി ഘോഷയാത്രയും ഒഴിവാക്കിയിട്ടുണ്ട്. ആചാരപ്രകാരമുള്ള പൂജകളും കനകസഭയും മണ്ഡപത്തിൽ നടക്കും. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ, സുധീഷ് ബാബു, പൂജപ്പുര എസ്.എച്ച്.ഒ വിൻസന്റ് എം.എസ്. ദാസ്, സരസ്വതീദേവി ക്ഷേത്രം ജനകീയസമിതി പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ, സെക്രട്ടറി ഗോപു ജി. നായർ, വാർഡ് കൗൺസിലർ ഡോ. വിജയലക്ഷ്മി, ശരണ്യാശശികുമാർ, മഹേശ്വരൻ നായർ, വട്ടവിള ഗോപൻ, റോട്ടറി ഗോപകുമാർ, ശ്രീകുമാർ, ഭഗവൽദാസ്, തിരുമല വില്ലേജ് ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയവർ പങ്കെടുത്തു.