
തിരുവനന്തപുരം: കൊവിഡിന്റെ ആസുരകാലത്ത്, തിന്മയുടെമേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന നവരാത്രികാലത്തിന് ഇന്ന് തുടക്കം. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുൻകരുതലോടെയാണ് നവരാത്രി ഉത്സവം. ഒരിടത്തും ആഘോഷങ്ങളില്ല. എല്ലായടിത്തും പ്രാർത്ഥനമാത്രം.
പല ദേശത്തും ആയുധപൂജയ്ക്കാണ് പ്രാധാന്യം. കേരളത്തിൽ പ്രാധാന്യം വിദ്യാ പൂജയ്ക്കാണ്. ഒൻപതു ദിവസത്തെ ചടങ്ങുകളിൽ അവസാനം വരുന്ന സപ്തമി, അഷ്ടമി, നവമി ദിനങ്ങളിൽ വ്രതം അനുഷ്ഠിക്കണമെന്നാണ് വിശ്വാസം. മഹാകാളി, മഹാലക്ഷ്മി. സരസ്വതി എന്നീ ദേവീഭാവങ്ങളെയാണ് ഈ ദിനങ്ങളിൽ പൂജിക്കേണ്ടത്. ജ്യോതിശാസ്ത്രപ്രകാരം ഇന്നു പുലർച്ചെ 1.01ന് നവരാത്രി ആരംഭിക്കും. 25ന് രാവിലെ 7.43ന് നവമി തീരും. അതുവരെയാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത് . 26 തിങ്കളാഴ്ച രാവിലെ 9.01 വരെയാണ് ദശമി. അന്ന് രാവിലെ ആദ്യക്ഷരം കുറിക്കാം. ഉദയത്തിനുശേഷം നവമി അവസാനിക്കുന്നതുകൊണ്ടാണ് അടുത്ത ദിവസം വിദ്യാരംഭം വരുന്നത്.