കുളത്തൂർ: വി.എസ്.എസ്.സിയുടെ ഇൻസ്റ്റെഫിൽ കരാർ തൊഴിലാളികളെ ജോലിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുമ്പ പൊലീസും സി.ഐ.ടി.യു തൊഴിലാളികളും തമ്മിൽ കൈയാങ്കളി. വാക്കുതർക്കത്തിൽ തുടങ്ങിയ സംഭവം ഒടുവിൽ കൈയാങ്കളിയിലെത്തുകയായിരുന്നു. സംഭവത്തിൽ നേതാക്കൾ ഉൾപ്പെടെ 20ഓളം സി.ഐ.ടി.യു തൊഴിലാളികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കൂട്ടം കൂടിയതിനുമാണ് കേസ്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. വർഷങ്ങളായി വി.എസ്.എസ്.സിയിൽ ഗാർഡനിംഗ് ഉൾപ്പെടെയുള്ള ജോലികൾ സ്ഥലവാസികളായ കരാർ തൊഴിലാളികളാണ് ചെയ്‌തിരുന്നത്. എന്നാൽ ഇവരിൽ 55 വയസ് കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി 6 ജീവനക്കാരെ അധികൃതർ ഒഴിവാക്കിയിരുന്നു. എന്നാൽ ഇങ്ങനെ ഒഴിവാക്കുമ്പോൾ പകരം ഇവരുടെ ആശ്രിതരെ തന്നെയാണ് വീണ്ടും കരാർ തൊഴിലാളികളായി നിയമിച്ചിരുന്നത്. അതനുസരിച്ച് ജോലിക്ക് കയറിയ 6 ആശ്രിതരെയും ഒരു മാസം കഴിഞ്ഞപ്പോൾ വി.എസ്.എസ്.സി.അധികൃതർ പിരിച്ചുവിട്ടു. ഇതിനെതിരെ ഇൻസ്റ്റെഫിന് മുന്നിൽ സി.ഐ.ടി.യു തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ഇന്നലെ ഒഴിവാക്കപ്പെട്ട തൊഴിലാളികൾക്ക് പകരമായി ചില കരാർ തൊഴിലാളികളെ ജോലിക്ക് കയറ്റാനുള്ള അധികൃതരുടെ ശ്രമം സി.ഐ.ടി.യു തൊഴിലാളികൾ ഇടപെട്ട് തടഞ്ഞു. തുടർന്ന് വി.എസ്.എസ്.സി അധികൃതരുടെ പരാതിയിൽ സ്ഥലത്തെത്തിയ തുമ്പ പൊലീസ് ബലംപ്രയോഗിച്ച് തൊഴിലാളികളെ അകത്തേക്ക് കയറ്റാൻ ശ്രമിച്ചതിനെ മറ്റ് തൊഴിലാളികൾ തടയുകയായിരുന്നു. ഏരിയാകമ്മിറ്റിഅംഗം സുരേഷ്ബാബുവിന്റെയും കൗൺസിലർ മേടയിൽ വിക്രമന്റെയും നേതൃത്വത്തിൽ പ്രവ‌ർത്തകരെത്തി തടഞ്ഞതാണ് പ്രശ്‌നങ്ങൾക്കും കൈയാങ്കളിയിലും അവസാനിച്ചത്.